Thursday, November 22, 2007

അവതരണം ഭ്രാന്താലയം 2

കഥ ഇതുവരെ:അവതരണം ഭ്രാന്താലയം 1
ഒടുവില്‍ അവതരണം ഭ്രാന്താലയം അരങ്ങിലെത്തി.
കെ.വി യാണ് രാ‍ജാവിനെ അവതരിപ്പിയ്ക്കുന്നത്. മഹേഷ് മന്ത്രി. പുള്ളുവനായി നിഷാന്ത്. പിന്നെ ഒരു ഭടനായി വരുണ്‍. പിന്നെയും ഉണ്ട് കഥാപാത്രങ്ങള്‍. രാജാവിനെ ഒരു പ്രോം‌റ്ററും കൂടെ ഉണ്ടെന്നു പറഞ്ഞല്ലോ. പ്രോം‌പ്റ്ററായി അഭിനയിയ്ക്കുന്നത് ശരത്ത്. ശരത്തിന്‌ പ്രത്യേകിച്ച് അഭിനയിയ്ക്കാനൊന്നുമില്ലല്ലോ. സ്ക്രിപ്റ്റ് നോക്കി രാജാവിന് പറഞ്ഞു കൊടുക്കണം. രാജാവ് രംഗത്തു വരുമ്പോള്‍ പ്രോം‌റ്ററും വരണം, പോവുമ്പോള്‍ പോകണം. അത്രമാത്രം.
സ്ക്രിപ്റ്റ് തിരുത്തിയെടുത്തത് ഞാനായതുകൊണ്ട് സത്യത്തില്‍ എനിയ്ക്കു മാത്രമേ കഥ ശരിയാം വണ്ണം അറിയുള്ളൂ. അതതു സമയങ്ങളിലെ ലൈറ്റ് ക്രമീകരണങ്ങള്‍ക്ക് സ്ക്രിപ്റ്റ് മര്യാദയ്ക്ക് അറിയാവുന്ന ആരെങ്കിലും വേണ്ടതുകൊണ്ട് ഞാന്‍ തന്നെ അത്റ്റ് ഏതെടുത്തു.

നാടകം തുടങ്ങി. കഥാപാത്രങ്ങള്‍ വരുന്നു. പോകുന്നു.

രാജാവും മന്ത്രിയും ഉള്ള രംഗം. രാജാവിന്റെ(കെ.വി) പിന്നാലെ പ്രോം‌പ്റ്ററു(ശരത്ത്)മുണ്ട്. രാജാവിന്റെ ഭാഗം കഴിഞ്ഞപ്പോള്‍ രാജാവും പ്രോം‌പ്റ്ററും പോയി. കുഴപ്പമായി. മന്ത്രി ശരിയ്ക്കും ഡയലോ‍ഗ് മറന്നു പോയി. മഹേഷ് (മന്ത്രി)നിന്നു വിയര്‍ത്തൂ. പ്രോം‌‌പ്റ്ററ് അടുത്തുണ്ടായിരുന്നെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. എന്തു ചെയ്യാം, ഇപ്പോള്‍ പ്രോം‌‌പ്റ്റര്‍ രംഗത്ത് ഇല്ലല്ലോ.

മന്ത്രി വിളിച്ചു
“പ്രോം‌‌പ്റ്ററേ....പ്രോം‌‌പ്റ്ററേ”
“ഡയലോഗ് മറന്നു പോ‍യീ...”
ഭ്രാന്തന്മാരല്ലെ എന്തും ചെയ്യാമല്ലോ.
പ്രോം‌പ്റ്റര്‍ വന്നു പ്രശ്നം പരിഹരിച്ചു.

ഇതിനിടയ്ക്ക് രാജാവ് ശരിയ്ക്കും മറന്നു പോയപ്പോള്‍ പ്രോം‌‌പ്റ്റര്‍ പറഞ്ഞു കൊടുത്തു.
അപ്പോള്‍ കെ.വി(രാജാവ്):- “താന്‍ കൂടുതല്‍ ഡെമോയൊന്നും ഇറക്കണ്ട...ഡയലോഗ് ഒക്കെ എനിയ്ക്കറിയാം...”

ഭടനും(വരുണ്‍) പുള്ളുവനും(നിഷാന്ത്) തമ്മിലുള്ള ഒരു സീന്‍.
ഭടന്റെ ഡയലോഗ് പുള്ളുവന്‍ കേറിപ്പറഞ്ഞു.
ദാ വരുന്നു വരുണിന്റെ ഇന്‍സ്റ്റന്റ് ഡയലോഗ്
“ശ്ചവീ...അതെന്റെ ഡയലോഗല്ലെ...താന്‍ കേറിപ്പറഞ്ഞാലെങ്ങനാ ശരിയാവുക”

ഒടുവില്‍ കരണ്ടു പോകുമ്പോള്‍ ഭ്രാന്തമാര്‍ രക്ഷപെടുന്ന സീന്‍
കരണ്ടു പോയി. എട്ടെട്ടരരയടി പൊക്കമുള്ള സ്റ്റേജിന്റെ മുകളില്‍ നിന്നും കേ.വി കാണികളുടെ ഇടയിലേയ്ക്ക് എടുത്തൊരു ചാട്ടം.

കരണ്ടു വന്നു. സംഘാടകന്റെ ഡയലോഗോടെ നാടകം അവസാനിച്ചു.
കാണികളും വിധികര്‍ത്താക്കളും തലതല്ലിച്ചിരിച്ചു, മുഴുവന്‍ സമയവും.
പൊതുവെ നിലവാരം പുലര്‍ത്തിയവയായിരുന്നു മറ്റെല്ലാ നാടകങ്ങളും. അതില്‍ കാപാലികയിലെ കുറച്ചു ഭാഗങ്ങളെടുത്തു തയ്യാറാക്കിയ ഒരു നാടകവും ഉള്‍പ്പെടും. ഏല്ലാനാടകത്തിലെയും അഭിനയം മികച്ചതായിരുന്നു. ഞങ്ങളുടെ തന്നെ “മഴ തന്നെ മഴ”യും ഒന്നാം തരമായിരുന്നു. എല്ലാവരെയും പരാജയപ്പെടുത്തിക്കൊണ്ട് അവതരണം ഭ്രാന്താലയം ഒന്നാം സമ്മാനം നേടി.

ഏല്ലാ പരിപാടികളും കുറച്ചു കുറച്ചായി വീ‍ഡിയോയില്‍ പകര്‍ത്തിയിരുന്നു. സങ്കടകരമായ വസ്തുത അവതരണം ഭ്രാന്താലയത്തിന്റെ ഒരു സീന്‍ പോലും അതിലെങ്ങുമില്ല. മനപ്പൂര്‍വ്വമല്ല നാടകം ഇത്ര നന്നാവുമെന്ന് ആരും പ്രതീക്ഷീച്ചില്ല.

കേവിയുടേയും മഹേഷിന്റെയും പ്രത്യേകിച്ച് വരുണിന്റെയും സ്റ്റേജ് പ്രസന്‍സും പ്രതുത്പന്നമതിത്വവും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ആ നാടത്തിനു മുന്‍പില്‍ ഒരു കാണിയായി ഇരിക്കാന്‍ കഴിഞ്ഞത് എന്റെ കോളേജ് ജീ‍വിതത്തിലെ ഏറ്റവും രസകരമായ ഓര്‍മ്മയായിരിയ്ക്കും. മറ്റാരെയുംകാള്‍ ആ നാടകം ഞാന്‍ ആസ്വദിച്ചിട്ടുമുണ്ട്. കാരണം സ്ക്രിപ്റ്റ് എനിയ്ക്കല്ലേ അറിയൂ.

Wednesday, November 21, 2007

അവതരണം ഭ്രാന്താലയം 1

മുന്‍‌‌കൂര്‍ ജാമ്യം:ഇത് എത്രമാത്രം എഴുതിഫലിപ്പിയ്ക്കാനാകുമെന്ന് എനിക്കറിയീല്ല. എന്നാ‍ലും ഒരു ശ്രമം.

ഫൈനലിയറിലെ ആര്‍ട്സ് ഫെസ്റ്റിവല്‍. പരിപാടിയുടെ സംഘാടകരായതുകൊണ്ടൂം ജീവിതത്തില്‍ ഇനി ഇതുപോലെ ഒരു ആഘോഷം അന്യമായേക്കാവുന്നതായതുകൊണ്ടും ഫൈനലിയേര്‍സിനെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും പ്രധാനപ്പെട്ടത്. തിരുവാതിരികളി മുതല്‍ ഫാക്ഷന്‍ ഷോ വരെ കോളേജ് ഒന്നടങ്കം നാലു ഹൌസുകളായിതിരിഞ്ഞ് പൊരിഞ്ഞ പോരാട്ടം.

ഞങ്ങള്‍ ടോര്‍ണ്ണാഡോസ്. കിരണാണ് ക്യാപ്റ്റന്‍. തോമ്മാച്ചന്‍, കെ.വി, കെ.പി പിന്നെ ഞാനുമടങ്ങുന്ന ഞങ്ങളുടെ ഹൌസിന്റെ കോര്‍ ഗ്രൂപ്പ്. ഒരു മേജര്‍ നാടകവും ഒരു മൈനര്‍ നാടകവും രംഗത്തിറക്കാനും ധാരണയായി. മെയിന്‍ നാടകം ‘മഴ തന്നെ മഴ’. തോമ്മാച്ചനും ജോസുമാണ് പ്രധാന കഥാപാത്രങ്ങള്‍. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള ഒരു മാന്യദേഹം എല്ലാം നോക്കിക്കോളും. ഞങ്ങള്‍ ഒന്നാം സമ്മാനം പ്രതീക്ഷിയ്ക്കുന്ന നാടമാണ് അത്.

രണ്ടാമത്തെ നാടകം ഏതുവേണമെന്നുള്ള ആലോചനയിലാണ് ‘അവതരണം ഭ്രാന്താലയം’ എന്ന ജി.ശങ്കരപിള്ള(?)യുടെ നാടകത്തെ പറ്റി കെ.പി പറഞ്ഞത്. സാമൂഹ്യവിമര്‍ശനാത്മകമെന്നൊക്കെ പറയാവുന്ന ഒരു നാടകം. പ്രശ്നം മൊത്തത്തില്‍ ഒരു ഒന്നൊന്നര മണിക്കൂറു വരും. സാമൂഹ്യവിമര്‍ശനം ഏതാണ്ട് പൂര്‍ണ്ണമായും ഒഴിവാക്കി കഥാതന്തുവിനെ മാത്രം നിറുത്തി ഞാനിരുന്നത് വെട്ടിച്ചുരുക്കി.

അതിന്റെ കഥ ഏതാണ്ട് ഇപ്രകാരമാണ്.
ഏതോ ഒരു സാംസ്കാരിക സമിതി ഒരു നാടക മത്സരം സംഘടിപ്പിയ്ക്കുന്നു. ബൈ മിസ്റ്റേയ്ക്ല് ഇന്‍‌വിറ്റേഷന്‍ കിട്ടുന്ന ഒരു ഭ്രാന്താലയത്തിലെ കുറച്ചു ഭ്രാന്തന്മാര്‍ ഒരു നാടകവുമായി വരുന്നു. രാജാവ്, മന്ത്രി, ഭടന്മാര്‍ എല്ലാമുള്ള ഒരു രാജാപാര്‍ട്ട് നാടകം. നാടകത്തിനുള്ളിലെ നാടകം.

ഒരു രാജ്യം. ശബ്ദമുഖരിതമായ രാജ്യം. രാജാവിന് ഏറ്റവും പ്രീയപ്പെട്ടതും ശബ്ദം. ഏറ്റവും കൂടുതല്‍ ശബ്ദമുണ്ടാക്കുന്നന്‍ മന്ത്രി, പിന്നെ സൈന്യാധിപന്‍ അങ്ങിനെ പോകുന്നു. ഒരു പുള്ളുവന്‍ തന്റെ പുള്ളുവക്കുടവുമായി വരുന്നു. സകലമാന ശബ്ദങ്ങളും ഉള്ള രാജ്യത്തെ പുള്ളവനെ ആരു ശ്രദ്ധിയ്ക്കാന്‍. അങ്ങിനെ പോകുന്നു കഥ.

രാജാവിന്റെ ഭാഗം അഭിനയിയ്ക്കുന്ന ഭ്രാന്തന്‍ മറവിക്കാരനായതിനാല്‍ അയാളുടെ കൂടെ ഒരു പ്രോം‌പ്റ്റര്‍ കാണും കൂടെ. എന്നു വച്ചാല്‍ പ്രോം‌പറ്റര്‍ നമ്മുടെ നാടകത്തിലെ കഥാപാത്രമാണ് പക്ഷേ നാടകത്തിനുള്ളിനെ നാടകത്തിലെ അതായത് ഭ്രാന്തന്മാര്‍ അഭിനയിയ്ക്കുന്ന നാടകത്തിലെ കഥാപാത്രമല്ല.

ഭ്രാന്തമാര്‍ അഭിനയിയ്ക്കുന്ന നാടകം കാണുവാന്‍ പുള്ളുവന്റെ ഭാര്യ സാന്ദര്‍ഭികമായി വരുന്നു. ഭര്‍ത്താവിനെ സ്റ്റേജില്‍ കണ്ട് അവര്‍ അമ്പരക്കുന്നു. അതിന്റെ ഇടയില്‍ അവര്‍ കഥാപാത്രങ്ങളുമായി സംവദിയ്ക്കുന്നു.

രാജ്യത്ത് ഒരു മത്സരം നടക്കുന്നു. ശബ്ദങ്ങളുടെ മത്സരം. രാജാവിന് പിറന്നാള്‍ സമ്മാനമായി. പാവം പുള്ളൂവന്‍, അവനുണ്ടാക്കുന്ന സംഗീതത്തിന് എന്തുവില, അവനെന്തു സമ്മാനം കിട്ടാന്‍. പക്ഷേ ശബ്ദമുണ്ടാക്കേണ്ട സമയത്ത് രാജ്യം മുഴുവന്‍ നിശബ്ദമാകുന്നു.(അത് എങ്ങനെയാണെന്നറിയേണ്ടവര്‍ ‘അവതരണം ഭ്രാന്താലയം’ വായിക്കുക.) പുള്ളുവന്റെ സംഗീതം മാത്രം ഉയരുന്നു. രാജാവിന് ആ സംഗീതത്തിന്റെ വില മനസിലാക്കുന്നു.

സ്റ്റേജില്‍ കരണ്ടു പോവുന്നു. കരണ്ട് വരുമ്പോള്‍ സ്ടേജില്‍ നടമാരെ കാണാനില്ല. സംഘാടകന്‍ വന്ന് ഭ്രാന്തന്മാര്‍ കടന്നുകളഞ്ഞതായും ചിലപ്പോള്‍ കാണികളുടെ ഇടയില്‍ കണ്ടേക്കാം എന്നും അഭിപ്രായപ്പെടുന്നതോടെ നാടകം അവസാനിയ്ക്കുന്നു.

നടന്മാരെ തിരഞ്ഞെടുത്തു.രാത്രി പത്തു പത്തരമുതല്‍ പാതിരാവരെ പ്രാക്ടീസും തുടങ്ങി.
അവതരണം ഭ്രാന്താലയം 2

Monday, November 12, 2007

അയ്യേ...ഛേ...

ഡൊം‌ളൂരില്‍ കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ ഡൊം‌ളൂര്‍ ജന്‍ക്ഷനില്‍ ഒരു ഹോട്ടലുണ്ട്. ഒന്നല്ല അവിടെ കുറേയുണ്ട് എന്നാണെങ്കില്‍ അതിലൊരെണ്ണം. പേരോ??!!! പേര് പേരയ്ക്ക. എന്തിനാ വെറുതെ അവരുടെ കച്ചോടം മുട്ടിയ്ക്കുന്നത്.

അവിടെനിന്നും അധികം ദൂരെയല്ല ഞങ്ങള്‍ ഇതിനുമുന്‍പ് താമസിച്ചുകൊണ്ടിരുന്ന സ്ഥലം. ഓഫീസില്‍ പോകുന്നത് നമ്മുടെ കഥാപാത്രമായ റെസ്റ്റോറന്റിനു മുന്‍പില്‍ കൂടെയാണ്.

ഫ്ലൈഓവറിന്റെ പണികാരണം ഒടുക്കത്തെ ട്രാഫിക്കുള്ള റോഡ്. പോരാത്തതിന് ഒന്നിനെയും കൂസാതെ പശുക്കള്‍ നിര്‍ഭയം റോഡിലൂടെ തേരാപ്പാരാ വിഹരിയ്ക്കുന്നു. അതുങ്ങള്‍ക്കൊക്കെ എന്തുമാവാമല്ലോ. ഒരു ഭക്തന്‍ പശുവിന്റെ ലൈവ് മൂത്രം ഉള്ളം കയ്യില്‍ ശേഖരിച്ച് തലയിലൊഴിച്ചു.

റെസ്റ്റോറന്റിനു മുന്‍പില്‍ ഒരു ടെമ്പോയില്‍ നിന്നും മൂന്നു നാല് അണ്ഡാവ് ഇറക്കിവച്ചു. അണ്ഡാവ് എന്നുപറഞ്ഞാല്‍ അറിയില്ലേ...സിലിഡറിക്കല്‍ ഷെയിപ്പിലുള്ള വലിയ പാത്രം. ജോലിക്കാരന്‍ ഒന്നാമത്തെ അണ്ഡാവുമായി അകത്തേയ്ക്കുപോയി. ഒരു പശുവന്ന് രണ്ടാമത്തെ അണ്ഡാവില്‍ തലയിട്ടു. എന്തെങ്കിലും തടഞ്ഞോ ആവോ. വണ്ടിയുടെ ഡ്രൈവര്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ജോലിക്കാരന്‍ വന്ന് പശുവിനെ ഓടിച്ചുവിട്ട് രണ്ടാമത്തെ അണ്ഡാവുമായി വീണ്ടും അകത്തേയ്ക്ക് പോയി. മൂന്നാമത്തെ അണ്ഡാവില്‍ എന്തയിരുന്നെന്ന് ഞാന്‍ കണ്ടു. അതില്‍ സാമ്പാറായിരുന്നു. സത്യമായിട്ടും അകത്തേയ്ക്ക് കൊണ്ടുപോയ അണ്ഡാവുകളില്‍ എന്തായിരുന്നെന്ന് എനിയ്ക്കറിയില്ല.

ഞാന്‍ വേഗം ഓഫീസിലേയ്ക്ക് നടന്നും.

അധികം നാള്‍ കഴിയാതെ ഞങ്ങള്‍ സ്വന്തമായി കുക്കിംഗ് ആരംഭിച്ചു.

Friday, November 09, 2007

താരത്തിനൊപ്പം

അരുണ്‍ പോള്‍ ഓണ്‍സൈറ്റിലായിരുന്ന സമയത്ത് അവരെല്ലാവരും കൂടെ ബ്രസ്സല്‍‌സിലേയ്ക്ക് ഒരു യാത്ര പോയി. യൂറോപ്യന്‍ യൂണിയന്റെ ജന്മദിനം ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്ന സമയം. എവിടെയും ആഘോഷങ്ങള്‍. കുറേനേരം ചുറ്റിക്കറങ്ങിയ ശേഷം അവര്‍ റൂമിലേയ്ക്ക് തിരിച്ചു പോന്നു. റൂമില്‍ കുത്തിയിരിയ്ക്കുന്നതിനും നല്ലതാണല്ലോ ബാറില്‍ പോയി രണ്ടെണ്ണം പിടിപ്പിയ്ക്കുന്നത് അല്ലെങ്കില്‍ ഡിസ്കില്‍ മദാമ്മമാരൊത്തു നൃത്തം ചെയ്യുത്. ബാറിലേയ്ക്കുതന്നെ പോകാന്‍ തീരുമാനിച്ചു.

കോക്ടെയിലും നുകര്‍ന്നുകൊണ്ട് നാട്ടുകാര്യവും വീട്ടൂകാര്യവും പറഞ്ഞ് പാരവച്ചും പരദൂഷണം പറഞ്ഞും സമയം കളയുന്നതിനിടയില്‍ ഒരു അന്‍പത്തന്‍‌ഞ്ച് അന്‍പത്താറു വയസു തോന്നിയ്ക്കുന്ന ഒരു മദ്ധ്യവയസ്കനും അയാളുടെ മകളും കൂടി നടന്നു പോകുന്നതു കണ്ടു. പറഞ്ഞറിയീക്കാനാവാത്ത ഒരായിരം വികാരങ്ങളോടെ അവര്‍ ചാടിയെണീറ്റു.

അവരുടെ സന്തോഷപ്രകടനങ്ങള്‍ കണ്ട് അയാള്‍ അവരുടെ അടുത്തേയ്ക്കുവന്നു. കുശലം ചോദിച്ചു, സുഖാന്വേഷണങ്ങള്‍ നടത്തി. ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ഫോട്ടൊയ്ക്ക് പോസ് ചെയ്തു. വിനീതനായ ഒരു സെലിബ്രീറ്റി. ഒരു ജന്മം മുഴുവന്‍ അഭിമാനിയ്ക്കുവാനുള്ള നിമിഷങ്ങള്‍....

അത് ആരാ‍യിരുന്നെന്നു ചോദിച്ചാന്‍ വെള്ളിത്തിരയില്‍ സുപരിചിതനായ.....ബാഷയായും പടയപ്പയുമൊക്കെ അവതരിച്ച മന്നന്‍ രജനീകാന്ത്.

ഓണ്‍സൈറ്റില്‍ നിന്നും മടങ്ങിവന്ന് ഓഫീസില്‍ ഇപ്പോള്‍ അരുണ്‍ പോള്‍ ഒരു ചിന്ന തലൈവരായി വിലസുകയാണത്രെ. തമിഴന്മാരൊക്കെ അവനെ ‘luckiest in this planet’ ആയിട്ടാണത്ര കാണുന്നതു പോലും. അവന്റെയിക്കെ ടൈം

Tuesday, November 06, 2007

ജബ്ബാര്‍ പറഞ്ഞ കഥ

കൊച്ചിന്‍ യൂണിവേര്‍സിറ്റിയില്‍ MCA സെമസ്റ്റര്‍ എക്സാമിനേഷന്റെ തലേദിവസം; പകലുമുഴുവനും ആലസ്യത്തിലും പിന്നെ വെടിവട്ടത്തിലും മുഴുകിയവര്‍ക്ക് നാളെ പരീക്ഷയാണല്ലോ എന്ന ബോധമുദിച്ചപ്പോള്‍ സമയം പാതിരാ. എന്തുപഠിയ്ക്കണം,എങ്ങിനെ പഠിയ്ക്കണം, എങ്ങിനെ തുടങ്ങണം എന്നിക്കെയുള്ള ചര്‍ച്ച പുരോഗമിയ്ക്കവെ മൂലയ്ക്കുനിന്നും ഒരു സഹൃത്തിന്റെ ഒട്ടും ഗൌരവം വിടാതെയുള്ള ഒരു ഒരു കമന്റ്.

“ബേബിച്ചാ സമയം കളയണ്ട......”
ഒരു അര്‍ദ്ധവിരാമത്തിനുശേഷം
“നമുക്ക് ഉറങ്ങാം.”

free site statistics