Tuesday, June 18, 2019

ഇസ്താംബുൾ ഡയറീസ് - 2

സമയം 7 കഴിഞ്ഞു. ടാക്സി ബുക്കു ചെയ്തു തരുവാൻ വാമഭാഗവും ഉത്സാഹിച്ചു. ഏതായാലും അധികം വൈകാതെ ഊബർ കിട്ടി. നേരേ നൈസ് റോഡുവഴി എയർപ്പോർട്ടിനു വിട്ടേയ്ക്കാൻ ഡ്രൈവറോടൂ പറഞ്ഞു. ഇനി മഴപെയ്തു വഴി കുളമായി ട്രാഫിക്ക് ബ്ലോക്ക് ആയി എടങ്ങേടാവണ്ട എന്നു കരുതി.

മഴപെയ്തുമില്ല, കാര്യമായ ട്രാഫിയ്ക്കും കിട്ടിയില്ല. 9:15 ഓടെ എയർപോർട്ടിൽ എത്തി. ആദ്യ ഫ്ലൈറ്റ് ഡൽഹീയ്ക്കാണ്. വലിയ ബാഗ് ചെക്കിൻ ചെയ്തു. ക്യാബിനിലേയ്ക്ക് ഒരു ചെറിയ ബാഗും പിന്നെ ഷോൾഡറിൽ ലാപ്‌ടോപ്പ് ബാഗും. ഒരിയ്ക്കൽ ഫ്ലോറൻസിൽ വച്ചും മറ്റൊരിയ്ക്കൽ ന്യൂയോർക്കിൽ വച്ചും ചെക്കിൻ ബാഗ് നഷ്ടപ്പെട്ടതിൽ പിന്നെ ഒന്നു രണ്ടു ദിവസം തള്ളിനീക്കുവാനുള്ള സാമഗ്രികൾ ക്യാബിൽ ബാഗിൽ തന്നെ കാണും.

സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞ് ഗേറ്റിലേയ്ക്ക് നടന്നു. ടിവിയിൽ ഇന്ത്യ ഓസ്ടേലിയ കളി നടക്കുന്നു. ഇന്ത്യയ്ക്ക് നല്ല സ്കോറുണ്ട്. ഓസ്ടേലിയയുടെ ബാറ്റിംഗ് ആണ്. കളി ഏറെക്കുറെ ഇന്ത്യയുടെ വരുതിയിലായതുകൊണ്ട് വല്യ താത്പര്യം തോന്നിയില്ല. എങ്കിലും ആൾക്കാരുടെ ആർപ്പുവിളികളും കൈയ്യടികളൂം ഒക്കെക്കൊണ്ട് ഒരു കോളേജ് ഹോസ്റ്റലിന്റെ മൂഡ് ഉണ്ട്. കുറച്ചു നേരം ഇരുന്നു കളികണ്ടു. രണ്ടു മൂന്നു മണിയ്ക്കൂറു തള്ളിനീക്കിയാലേ ഡൽഹീ ഫ്ലൈറ്റു വരൂ. അതിന്റെ ഇടയ്ക്ക് ഏതോ ഒരുത്തൻ കയറി മുന്നിൽ നിന്നു. തൊട്ടടുത്തിരുന്ന ചേട്ടൻ ചൂടായി അവനെ മാറ്റി. അപ്പോൾ വരുന്നു ദേ വേറൊരുത്തൻ. 

ഞാൻ ഇറങ്ങി നടന്നു. വിശപ്പിന്റെ വിളി വരുന്നുണ്ട്. ഭക്ഷണം കഴിയ്ക്കുന്നത് വൈകിപ്പിയ്ക്കാനുള്ള എന്റെ ശ്രമം അത്ര വിജയിച്ചില്ല. ഒരു സാൻവിച്ച് ഓഡർ ചെയ്തു. ഒന്നേ ഉണ്ടായിരുന്നൂ എങ്കിലും ഒരൊന്നൊന്നര സാൻവിച്ച് ആയിപ്പോയി. കഴിച്ചു കഴിഞ്ഞ് വീണ്ടും അങ്ങോട്ടുമിങ്ങോട്ടൂം ഉലാത്തി. അതിന്റെ ഇടയ്ക്ക് കളി അവസാന ഓവറുകളിലേയ്ക്ക് എത്തിയിരുന്നു. ഇന്ത്യ ജയിച്ചു.  സ്ക്രീനുകളുടെ മുൻപിൽ നിന്ന് കയ്യടികൾ ഉയർന്നു.

ഉറക്കം വരുന്നുണ്ട്. ഇനി ഒന്നര മണിയ്ക്കൂറുകൂടെയുണ്ട് ഫ്ലൈറ്റിന്. എങ്ങനെയും കടിച്ചുപിടിച്ച് ഉറങ്ങാതിരിയ്ക്കണം. പോയി ഒരു കാപ്പികുടിച്ചു. അങ്ങോട്ടൂമിങ്ങോട്ടും നടന്നു. 12 മണിയ്ക്കത്തേയ്ക്കേ മൊബൈലിൽ അലാറം വച്ചു. എങ്ങാനും ഇരുന്ന് ഉറങ്ങിപ്പോയി ഫ്ലൈറ്റ് മിസ്സാവരുതല്ലോ.

ഏതായാലും ഫ്ലൈറ്റു വന്നു. ഞാൻ കയറി...ഇനി ഡൽഹിയിലേയ്ക്ക്

 

0 Comments:

Post a Comment

<< Home

free site statistics