Thursday, August 06, 2009

കരുമക്കാട്ടെ കറുത്തരാത്രി

സൌത്തില്‍ ട്രെയിനിറങ്ങിയപ്പോഴേയ്ക്കും പാതിരായോടടുത്തിരുന്നു. വഴികള്‍ വല്ലപ്പോഴും റോന്തുചുറ്റുന്ന പോലീസ് വാഹമൊഴിച്ചാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശൂന്യം.ഈ പാതിരായ്ക്ക് എങ്ങനെ ഹോസ്റ്റലിലെത്തൂം. ബസ്സില്ല, ഓട്ടോയില്ല. ലിഫ്റ്റു ചോദിയ്ക്കാനാണെങ്കില്‍ ഒരു തെണ്ടിയെയും ഒട്ടു കാണുന്നുമില്ല.

അങ്ങനെയാണ് എന്നാല്‍ പിന്നെ നടക്കാം എന്ന തീരുമാനത്തില്‍ മോഹിത്ത് എത്തിപ്പെട്ടത്.

കറുത്ത ഷൂസ്, കറുത്ത പാന്റ്, കറുത്തതല്ലെങ്കിലും ഡാര്‍ക്ക് കളര്‍ ടീഷര്‍ട്ട്. പിന്നില്‍ അസാമാന്യം വലുപ്പമുള്ള ഒരു ബാഗ്. പോരാത്തതിനു രാത്രിയും. ഒരു ദിവസമൊക്കെ പനിപിടിച്ചുകിട്ടക്കുവാന്‍ സ്വതവേ ഇരുണ്ട ഈ രൂപത്തെ തനിയെ ഒന്നു കണ്ടാല്‍ മതി.

എന്‍.ജി.ഓ ക്വാട്ടേര്‍സില്‍ എത്തിയപ്പോഴേയ്ക്കും ഒന്നരയായിരുന്നു. ഒരു പോലീസ് ജീപ്പു വന്നു നിറുത്തി.
“എങ്ങോട്ടൂ പോവാടാ?”
“ഹോസ്റ്റലിലേയ്ക്കാണു സാര്‍”
“എന്താടാ ഈ രാത്രിയില്‌?”
“അതു പിന്നെ സാര്‍...ട്രൈയിന്‍ ലേറ്റായിരുന്നു. സൌത്തില്‍ നിന്നും വണ്ടിയൊന്നും കിട്ടിയില്ല.”
“എന്താടാ നിന്റെ പേര്?”
“മോഹിത്ത്”
“ശരി പൊയ്ക്കോ”

എന്‍.ജി.ഓ ക്വാട്ടേര്‍സില്‍ നിന്നും കരുമക്കാട്ടേയ്ക്ക്...ഒരു അഞ്ചു പത്തു മിനിട്ടിന്റെ നടത്തം.

വീണ്ടും പോലീസ് വണ്ടി ഓവര്‍ട്ടേക്ക് ചെയ്തു നിറുത്തി.
“കേറിയ്ക്കോ”
ദൈവമേ കേരളാപ്പോലീസ്...കേറിക്കോളാന്‍...കൊല്ലാനാണോ വളര്‍ത്താനാണോ...ആര്‍ക്കറിയാം...തെളിയാത്ത കേസുകള്‍ വല്ലതും ഉണ്ടോ ആവോ?

“എന്റെ പറശ്ശിനിക്കടവു മുത്തപ്പാ....”

മോഹിത്തിനെ അവര്‍ കോളേജിനു മുന്നില്‍ കൊണ്ടു വിട്ടു.

ഹോസ്റ്റലിന്റെ ഗ്രീല്ല് അടച്ചു താഴിട്ടു പൂട്ടിയിട്ടൂണ്ട്. പ്രത്യേകിച്ച് ഒരു വാര്‍ഡനോ കാവല്‍ക്കാരനോ ഒന്നുമില്ല. എങ്ങനെ അകത്തു കയറും?!

ജൂണിയേര്‍സ് സ്റ്റഡീ ലീവിന്റെ തുടക്കമായതിനാല്‍ എല്ലാവരും വീട്ടില്‍ പോയിരിയ്ക്കുന്നു. ഗ്രൌണ്ട് ഫ്ലോറ് കാലി. രണ്ടാം നിലയില്‍(ഫസ്റ്റ് ഫ്ലോര്‍) സ്വന്തം ബാച്ചു കാരുടെ താമസം. എല്ലാവരും തന്നെ വീട്ടില്‍ പോയിരിയ്ക്കുന്നു. ഒരു മുറിയില്‍ നിന്നും
വെളിച്ചം കാണുന്നില്ല. മൂന്നാം നിലയില്‍(2ന്റ് ഫ്ലോര്‍) ഒന്നു രണ്ടൂ മുറിയില്‍ വെളിച്ചം കാണാം. ഹോസ്റ്റലിനും ചുറ്റും ഒന്നു റൌണ്ടടിച്ചതില്‍ നിന്നും മനസില്ലായത് ഇത്രയുമാണ്.

ചില സമയത്ത് അങ്ങിനെയാണ്. സ്റ്റഡീലീവും പരീക്ഷയ്ക്ക് ശേഷമുള്ള വെക്കേഷനും ഒക്കെ അടുത്തടുത്തു വന്നാല്‍ ഹോസ്റ്റല്‍ ഏതാണ്ടു കാലിയായിരിയ്ക്കും.

ഒരു വഴിയേയുള്ളൂ. ടെറസില്‍ നിന്നും താഴേയ്ക്ക് വെള്ളം പോകുവാന്‍ വച്ചിരിയ്ക്കുന്ന പൈപ്പുവഴി മൂന്നാം നിലയിലെ വെളിച്ചം കാണുന്ന മുറിയുടെ ബാല്‍ക്കണീയിലെത്തുക. ഡോറില്‍ മുട്ടി കക്ഷിയെ വിളിയ്ക്കുക. അകത്തു കയറുക. സ്റ്റെയറുവഴി സ്വന്തം നിലയായ രണ്ടാം നിലയിലേയ്ക്ക് പോവുക.

പൈപ്പില്‍ അള്ളീപ്പിടിച്ചു കയറി, രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍. അവിടുന്നു വീണ്ടും പൈപ്പുവഴി മൂന്നാം നിലയുടെ ബാല്‍ക്കണിയില്‍. മൂന്നാം നിലയിലെ ബാല്‍ക്കണീയിലെത്തി താഴോട്ടു നോക്കിയപ്പോഴാണ് എടുത്ത റീസ്കിനെ പ്പറ്റി ബോധമുണ്ടായത്. നിരപ്പല്ലാത്ത ഭൂമി. അവിടിവിടെ കല്ലും കട്ടയും കമ്പിയൂം. പൊട്ടീയ ഗ്ലാസിന്റെ കഷണങ്ങള്‍ ഉറപ്പായും ഉണ്ടാവും. പൈപ്പിന്റെ ബലം പറയുകയും വേണ്ട. മേലാല്‍ ഈ പണീയ്ക്കില്ല.

രാത്രി രണ്ടു മണിയ്ക്ക് ഒരാള്‍ മൂന്നാം നിലയുടെ ബാല്‍ക്കണിയില്‍ അതും കയറിവരാന്‍ പ്രത്യക്ഷത്തില്‍ ഒരു മാര്‍ഗ്ഗവും ഇല്ലാത്ത ബാല്‍ക്കണിയില്‍ നിന്ന് കതകില്‍ മുട്ടിയാല്‍ അകത്തുള്ളയാളുടെ വികാരം എന്തായിരിയ്ക്കും? അയാളുടെ സ്ഥാനത്ത് നിങ്ങളാണെങ്കില്‍ എന്തു ചെയ്യും?

ബാല്‍ക്കണിയില്‍ നിന്നും ജനാലയിലൂടെ മോഹിത്ത് മുറത്തേയ്ക്കു നോക്കി. കക്ഷി ഉറക്കമാണെന്നു തോന്നുന്നു. കമ്പൂട്ടര്‍ ഇപ്പോഴും ഓണാണ്, മോണിറ്റര്‍ ഓഫ് ചെയ്തിട്ടില്ല, ഏതോ ഒരു ഇംഗ്ലീഷ് ചലച്ചിത്രം ഓടുന്നുണ്ട്.ബാക്കി ലൈറ്റെല്ലാം ഒഫാണ്, കമ്പൂട്ടറിന്റെ വെളിച്ചം മാത്രമേ ഉള്ളോ. പാവം സിനിമാ കണ്ട് ഉറങ്ങിപ്പോയതാണ്.

ആളാരാണ്? അതു പറയില്ല. നമുക്കയാളെ രാജേഷ് എന്നു വിളിയ്ക്കാം.

മോഹിത്തിന് ആളെ അത്ര പരിചയമില്ല. അതുകൊണ്ട് പേര് കൃത്യമായി അറിയില്ല. മൂന്നാം നിലയുടെ ബാല്‍ക്കണിയിലുള്ള ഒരാളുടെ വിളികേട്ട് രാത്രി രണ്ടു മണീയ്ക്ക് വാതില്‍ തുറന്നാല്‍ മൊത്തത്തിലുള്ള സെറ്റപ്പും സംഗതികളുടെ കിടപ്പും വച്ച് ആരാണെങ്കിലും ഒന്നു പേടിയ്ക്കും. എന്നു തന്നെയല്ല വാതില്‍ തുറക്കാന്‍ ഒന്നു മടിയ്ക്കുകയും ചെയ്യും. എന്തായാലും ഈ അസമയത്ത് അത്രപന്തിയല്ലാത്ത സാഹചര്യത്തില്‍ തന്നെ സഹായിയ്ക്കുന്ന ആള്‍ താന്‍ കാരണം പേടിയ്ക്കരുത് എന്ന ആഗ്രഹം മോഹിത്തിനുണ്ടായിരുന്നു.

വാതിലില്‍ മുട്ടി. രാജേഷ് ഉറക്കത്തില്‍ നിന്ന് എണീറ്റ് മുന്‍ വാതില്‍ തുറക്കുന്ന ലാഘവത്തോടെ ബാല്‍ക്കണീയുടെ വാതില്‍ തുറന്നു. ഒന്നു ചിരിച്ചു. പോയിക്കിടന്നു ഉറക്കം കണ്ടിന്യൂ ചെയ്തു. മോഹിത്ത് ബാല്‍ക്കണിയിലൂടെ അകത്തു കയറി തുറന്നു കിടന്ന മുന്‍ വാതിലിലൂടെ കോറിഡോറിലൂടെ രണ്ടാം നിലയിലേയ്ക്ക് പതുക്കെ നടന്നു.

രാജേഷ് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. സംതിങ്ങ് റോങ്ങ്? എന്തോ വശപ്പെശകില്ലേ? രാജേഷ് ബാല്‍ക്കണിയിലേയ്ക്ക് നോക്കി, വാതില്‍ തുറന്നു കിടക്കുന്നു, താന്‍ ആര്‍ക്കോ വാതില്‍ തുറന്നു കൊടുത്തില്ലേ? ആരണയാള്‍? അയാളെങ്ങനെ ബാല്‍ക്കണീയില്‍ വന്നു? രാജേഷ് ബാല്‍ക്കണീയിലേയ്ക്ക് നടന്നു. ബാല്‍ക്കണീയില്‍ നിന്നും താഴേയ്ക്കു നോക്കി. തലകറങ്ങുന്നതു പോലെ തോന്നി. ഒരു കില്ലപ്പട്ടി വാലിളക്കിക്കൊണ്ട് നടന്നു പോയി. അയാളെങ്ങനെ ബാല്‍ക്കണിയില്‍ വന്നു? മുകളിലേയ്ക്കു നോക്കി. മേഘാവൃതമായ ആകാശം. കോറിഡോറിലേയ്ക്ക് ഓടി, ആരുമില്ല അവിടെ.

അടുത്ത മുറിയില്‍ ചെന്നു വാതിലില്‍ മുട്ടി.
“ഏതു @##@ ഈ രാത്രിയില്‍” അകത്തുനിന്നു ഞരക്കം.
വാതില്‍ തുറന്നു. ഉറക്കച്ചവവോടെ അയാള്‍ ചോദിച്ചു “എന്താടാ &$#@#@?”
“നീ എന്റെ മുറിയില്‍ വന്നിരുന്നോ?”
“നിന്റെ മുറിയിലോ ഞാനോ ഈ രാത്രിയിലോ പോയിക്കിടന്നുറങ്ങടാ....”
വാതില്‍ അടഞ്ഞു. കോറിഡോറില്‍ രാജേഷു മാത്രം. അല്പം പേടി തോന്നി.

അടുത്ത മുറിയില്‍ മുട്ടീ. ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു കോംബിനേഷന്‍ തെറി അകത്തുനിന്നും മുഴങ്ങി. രാജേഷ് സ്വന്തം മുറിയിലേയ്ക്ക്. കട്ടിലില്‍ ഇരുന്ന് കുറേനേരം ആലോചിച്ചു. ബാല്‍ക്കണിയും ഫ്രണ്ട് ഡോറും അടച്ചു കുറ്റിയിട്ടു. സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തു. മൂടിപ്പുതച്ചു.

പിറ്റേ ദിവസം രാജേഷിനു തൊട്ടാല്‍ പൊള്ളുന്ന പനി.

6 Comments:

  • ജോജുവിന്റെ ഉള്ളില്‍ ഒരു തമാശക്കാരന്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു അല്ലേ!
    രസിച്ചു വായിച്ചു!

    By Blogger അരവിന്ദ് :: aravind, at Wednesday, August 05, 2009 6:55:00 PM  

  • "ജോജുവിന്റെ ഉള്ളില്‍ ഒരു തമാശക്കാരന്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു അല്ലേ!"

    സത്യത്തില്‍ ഞാനിങ്ങനെയാ...പിന്നെ ചിലസമയത്ത് സീരിയസായി അഭിനയിക്കുന്നതല്ലേ അരവിന്ദേ.

    By Blogger N.J Joju, at Wednesday, August 05, 2009 10:04:00 PM  

  • "കരുമക്കാട്ടെ കറുത്തരാത്രി"

    ...ഈ പാതിരായ്ക്ക് എങ്ങനെ ഹോസ്റ്റലിലെത്തൂം. ബസ്സില്ല, ഓട്ടോയില്ല. ലിഫ്റ്റു ചോദിയ്ക്കാനാണെങ്കില്‍ ഒരു തെണ്ടിയെയും ഒട്ടു കാണുന്നുമില്ല....

    By Blogger പാഷാണം, at Friday, August 07, 2009 6:01:00 PM  

  • ചാത്തനേറ്:എന്നിട്ട് പനി എത്ര ദിവസം കഴിഞ്ഞിട്ടാ മാറിയത് എന്ന് ചോദിക്കുന്നില്ല.ആ ബാല്‍ക്കണി വഴി വന്ന കക്ഷി തന്നെയാണോ പിന്നെ സത്യാവസ്ഥ പറഞ്ഞ് തന്നത്??

    By Blogger കുട്ടിച്ചാത്തന്‍, at Monday, August 10, 2009 6:34:00 PM  

  • അതെ കുട്ടിച്ചാത്താ...

    By Blogger പാഷാണം, at Monday, August 10, 2009 10:16:00 PM  

  • ഹാ ഹാ ഹാാ.അടിപൊളി.

    By Blogger സുധി അറയ്ക്കൽ, at Sunday, June 12, 2016 3:32:00 AM  

Post a Comment

<< Home

free site statistics