Monday, March 10, 2008

വിനോദയാത്ര

(സത്യം പറഞ്ഞാല്‍ ഇതൊരു സംഭവകഥയാണ്, പാഷാണത്തിലെ മറ്റു കഥകള്‍ പോലെതന്നെ. ചില പ്രത്യേക കാരണങ്ങളാല്‍ ഈ കഥയിലെ സംഭവസ്ഥലവും, കഥാപാത്രങ്ങളും ചില മാറ്റങ്ങള്‍ക്ക് വിധേയമായിട്ടൂണ്ട്.)

വിനോദ് അവധിയ്ക്ക് വന്നതായിരുന്നു. രണ്ട് ദിവസം പുറത്തിറങ്ങാതെ ചിലവഴിച്ച് മൂന്നാം ദിവസം നാടുചുറ്റാനിറങ്ങി. അച്ഛന്‍ ഇരിപ്പായതിനുശേഷം കട്ടപ്പുറത്തായിരുന്ന ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിള്‍ പുറത്തിറക്കി. പൊടിതുടച്ച് വെള്ളമൊഴിച്ച് കഴുകി കുട്ടപ്പനാക്കി. ഇടവഴിയിലൂടെ ഒന്നങ്ങോട്ടും ഒന്നിങ്ങോട്ടും ഓടിച്ച് നോക്കി നേരേ മൈയിന്‍ റോഡിലേയ്ക്ക്.

മെയിന്‍ റോഡിലേയ്ക്ക് ഇറങ്ങുന്നതിനു മുന്‍പേ വിനോദ് ഒന്നു കണ്ണോടിച്ചു.കേശവേട്ടന്റെ ചായക്കടയുടെ സ്ഥാനത്ത് ഒരു ഷോപ്പിംഗ് കോം‌പ്ലക്സ്. പണ്ട് താനൊക്കെ സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ അരമണീയ്ക്കൂര്‍ ഇടവിട്ടുമാത്രം ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി ബസ്സുകള്‍ ഇപ്പോഴിതാ മൂന്നെണ്ണമാണ് ഒരുമിച്ച് പോയത്. കഴിഞ്ഞതവണ വന്നപ്പോള്‍ പോലും മൂന്നെണ്ണം ഒരുമിച്ചു കണ്ടതായി ഓര്‍മ്മയില്ല. ടൌണിലെ അത്ര തിരക്കില്ലെങ്കിലും കാറുകള്‍, ഓട്ടോ റീക്ഷകള്‍...

പതുക്കെ മെയിന്‍ റോഡിലേയ്ക്ക്...
സ്കൂളിന്റെ മുന്‍പില്‍ സീബ്രാ ലൈന്‍ മാര്‍ക്കു ചെയ്തിരിയ്ക്കുന്നു. സ്കൂളിനോടു ചേര്‍ന്നുള്ള പുതിയ ബില്‍ഡിങ്ങ് പുതിയതാണെന്നു തോന്നുന്നു. പ്ലസ്ടു അനുവദിച്ചു കാണണം. രാമകൃഷ്ണന്റെ വീടിന് ഒരു മാറ്റവുമില്ല, പോകുമ്പോള്‍ കണ്ടതുപോലെ തന്നെ.
ബൈക്കില്‍ ഇപ്പോള്‍ ഓപ്പൊസിറ്റ് ഡയറക്ഷനിന്‍ ഓടീച്ചുപോയത് പള്ളിയിലെ കൊച്ചച്ചനാണെന്നു തോന്നുന്നു. പുതിയ കൊച്ചച്ചന്‍ ചാര്‍ജ്ജെടുത്ത വിവരം അമ്മയെഴുതിയിരുന്നു. വസന്തയുടെ റേഷന്‍ കടയോട് ചേര്‍ന്ന് ഒരു പുതിയ കടകൂടി തുടങ്ങിയിരിയ്ക്കുന്നു.
അനില്‍‌സ് ഇലക്ട്രോണിക്സ്. ചെറുവരമ്പത്തെ അനീഷിന്റെ അനിയന്‍ ഐ.ടി.ഐയില്‍ പഠിയ്ക്കുന്നെന്ന് അമ്മയെഴുതിയിരുന്നു.
പതുക്കെ വേഗത കൂട്ടി.

അമ്മേ...അതൊരു ഹമ്പ് അല്ലേ...അതേ ഹമ്പുതന്നെ...ബ്രേക്ക്....
ഗര്‍‌ര്‍‌ര്‍‌ര്‍ര്‍‌ര്‍‌ര്‍‌ര്‍‌......”
എവിടുന്നാ ആ സ്വരം കേട്ടത്. വിനോദ് ഇടത്തോട്ടു നോക്കി ആരുമില്ല, വലത്തോട്ടു നോക്കി ആരുമില്ല.
ബ്രേക്ക് പിടിയ്ക്കുമോള്‍ ഇത്രേം സ്വരം വരുന്ന കാര്യം അച്ഛന്‍ പറഞ്ഞതേയില്ല. ഇത്രം നാള്‍ കട്ടപ്പുറത്തിരുന്നതുകൊണ്ടാണോ...ഏയ്...ന്നാലും ഇത്രയും സ്വരം. സംശയങ്ങള്‍ മാത്രം ബാക്കി.

കുറച്ചുകൂടി മുന്‍പോട്ടുപോയി. പ്രതീക്ഷിച്ചില്ല, പിന്നെയും ഒരു ഹമ്പ്. ബ്രേക്ക്....ദാ വീണ്ടും അതേ സ്വരം. സ്വരമല്ല ശരിയ്ക്കും അലര്‍ച്ച.

കഴിഞ്ഞില്ല...ദാ മൂന്നാമത്തെ ഹമ്പ്. ബ്രേക്ക്...അതേ അലര്‍ച്ച.

ഇത്രേം ഹമ്പുകള്‍ റോഡില്‍ പ്രതിഷ്ഠിച്ച കാര്യം അമ്മയെന്തേ എഴുതിയില്ല.

വീണ്ടൂം മുന്‍പോട്ടൂം പോയി പതുക്കെ ഒന്നു ബ്രേക്കിട്ടു നോക്കി. എന്തോ ശബ്ദം കേട്ടില്ല. ഒന്നു കാര്യമായിത്തനെ ബ്രേക്കു പിടിച്ചു. ദാ വീണ്ടൂം അതേ അലര്‍ച്ച.

പോട്ട് പുല്ലേ...പിന്നെ നോക്കാം.

രവിയല്ലേ അത്.

“ഡാ...രവീ”.
വണ്ടീ സൈഡിലോട്ടു ഒതുക്കി നിര്‍ത്തി. രവി റോഡിന്റെ അപ്പുറത്തുനിന്ന് കൈകാണിച്ചു.
ഒരു കെ.എസ്.ആര്‍.ടി.സി മുന്നില്‍ വന്നു നിറുത്തി. ബസ്റ്റോപ്പ് അല്ലല്ലോ! ഡ്രൈവര്‍ ചാടിയിറങ്ങി. കുറേനാളുകൂടിയിരുന്ന് പച്ചമലയാളത്തിന്‍ നാലു തെറികേട്ടു. ബസ്സിന്റെ ബ്രേക്ക് ടെസ്റ്റ് ചെയ്യുകയാണോടാ ഡാഷേ എന്നുകൂടി കൂട്ടിച്ചേര്‍ക്കാതിരുന്നെങ്കില്‍ വിനോദ് തിരിച്ചു വല്ലതും പറഞ്ഞേനേ.

(അതേയ്...ബ്രേക്കു പിടിച്ചപ്പോള്‍ ഉണ്ടായ കര്‍ണ്ണകഠോരശബ്ദം ബുള്ളറ്റുന്റേതായിരുന്നില്ല, പുറകേ വന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ആയിരുന്നു.)

3 Comments:

  • സത്യം പറഞ്ഞാല്‍ ഇതൊരു സംഭവകഥയാണ്, പാഷാണത്തിലെ മറ്റു കഥകള്‍ പോലെതന്നെ. ചില പ്രത്യേക കാരണങ്ങളാല്‍ ഈ കഥയിലെ സംഭവസ്ഥലവും, കഥാപാത്രങ്ങളും ചില മാറ്റങ്ങള്‍ക്ക് വിധേയമായിട്ടൂണ്ട്.

    By Blogger പാഷാണം, at Wednesday, March 12, 2008 5:59:00 PM  

  • araneee vinod enn njan ingane alochikyayirunnu

    By Blogger ap, at Monday, March 31, 2008 6:56:00 AM  

  • പാഷാണം എന്ന് കേട്ടപ്പോള്‍ എനിക്കൊരു കാര്യം ഓര്‍മ്മ വന്നു. മലയാളത്തിലെ ഹാസ്യസിനിമാ താരം സലിം കുമാറില്ലേ ? പ്രീഡിഗ്രിക്ക് അവനെന്റെ ബാച്ച് മേറ്റായിരുന്നു. അന്നവനെ ഞങ്ങള്‍ വിളിച്ചിരുന്നത് പാഷാണത്തിലെ കൃമി എന്നായിരുന്നു :) :)

    By Blogger നിരക്ഷരൻ, at Monday, July 21, 2008 2:43:00 AM  

Post a Comment

<< Home

free site statistics