Wednesday, November 21, 2007

അവതരണം ഭ്രാന്താലയം 1

മുന്‍‌‌കൂര്‍ ജാമ്യം:ഇത് എത്രമാത്രം എഴുതിഫലിപ്പിയ്ക്കാനാകുമെന്ന് എനിക്കറിയീല്ല. എന്നാ‍ലും ഒരു ശ്രമം.

ഫൈനലിയറിലെ ആര്‍ട്സ് ഫെസ്റ്റിവല്‍. പരിപാടിയുടെ സംഘാടകരായതുകൊണ്ടൂം ജീവിതത്തില്‍ ഇനി ഇതുപോലെ ഒരു ആഘോഷം അന്യമായേക്കാവുന്നതായതുകൊണ്ടും ഫൈനലിയേര്‍സിനെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും പ്രധാനപ്പെട്ടത്. തിരുവാതിരികളി മുതല്‍ ഫാക്ഷന്‍ ഷോ വരെ കോളേജ് ഒന്നടങ്കം നാലു ഹൌസുകളായിതിരിഞ്ഞ് പൊരിഞ്ഞ പോരാട്ടം.

ഞങ്ങള്‍ ടോര്‍ണ്ണാഡോസ്. കിരണാണ് ക്യാപ്റ്റന്‍. തോമ്മാച്ചന്‍, കെ.വി, കെ.പി പിന്നെ ഞാനുമടങ്ങുന്ന ഞങ്ങളുടെ ഹൌസിന്റെ കോര്‍ ഗ്രൂപ്പ്. ഒരു മേജര്‍ നാടകവും ഒരു മൈനര്‍ നാടകവും രംഗത്തിറക്കാനും ധാരണയായി. മെയിന്‍ നാടകം ‘മഴ തന്നെ മഴ’. തോമ്മാച്ചനും ജോസുമാണ് പ്രധാന കഥാപാത്രങ്ങള്‍. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള ഒരു മാന്യദേഹം എല്ലാം നോക്കിക്കോളും. ഞങ്ങള്‍ ഒന്നാം സമ്മാനം പ്രതീക്ഷിയ്ക്കുന്ന നാടമാണ് അത്.

രണ്ടാമത്തെ നാടകം ഏതുവേണമെന്നുള്ള ആലോചനയിലാണ് ‘അവതരണം ഭ്രാന്താലയം’ എന്ന ജി.ശങ്കരപിള്ള(?)യുടെ നാടകത്തെ പറ്റി കെ.പി പറഞ്ഞത്. സാമൂഹ്യവിമര്‍ശനാത്മകമെന്നൊക്കെ പറയാവുന്ന ഒരു നാടകം. പ്രശ്നം മൊത്തത്തില്‍ ഒരു ഒന്നൊന്നര മണിക്കൂറു വരും. സാമൂഹ്യവിമര്‍ശനം ഏതാണ്ട് പൂര്‍ണ്ണമായും ഒഴിവാക്കി കഥാതന്തുവിനെ മാത്രം നിറുത്തി ഞാനിരുന്നത് വെട്ടിച്ചുരുക്കി.

അതിന്റെ കഥ ഏതാണ്ട് ഇപ്രകാരമാണ്.
ഏതോ ഒരു സാംസ്കാരിക സമിതി ഒരു നാടക മത്സരം സംഘടിപ്പിയ്ക്കുന്നു. ബൈ മിസ്റ്റേയ്ക്ല് ഇന്‍‌വിറ്റേഷന്‍ കിട്ടുന്ന ഒരു ഭ്രാന്താലയത്തിലെ കുറച്ചു ഭ്രാന്തന്മാര്‍ ഒരു നാടകവുമായി വരുന്നു. രാജാവ്, മന്ത്രി, ഭടന്മാര്‍ എല്ലാമുള്ള ഒരു രാജാപാര്‍ട്ട് നാടകം. നാടകത്തിനുള്ളിലെ നാടകം.

ഒരു രാജ്യം. ശബ്ദമുഖരിതമായ രാജ്യം. രാജാവിന് ഏറ്റവും പ്രീയപ്പെട്ടതും ശബ്ദം. ഏറ്റവും കൂടുതല്‍ ശബ്ദമുണ്ടാക്കുന്നന്‍ മന്ത്രി, പിന്നെ സൈന്യാധിപന്‍ അങ്ങിനെ പോകുന്നു. ഒരു പുള്ളുവന്‍ തന്റെ പുള്ളുവക്കുടവുമായി വരുന്നു. സകലമാന ശബ്ദങ്ങളും ഉള്ള രാജ്യത്തെ പുള്ളവനെ ആരു ശ്രദ്ധിയ്ക്കാന്‍. അങ്ങിനെ പോകുന്നു കഥ.

രാജാവിന്റെ ഭാഗം അഭിനയിയ്ക്കുന്ന ഭ്രാന്തന്‍ മറവിക്കാരനായതിനാല്‍ അയാളുടെ കൂടെ ഒരു പ്രോം‌പ്റ്റര്‍ കാണും കൂടെ. എന്നു വച്ചാല്‍ പ്രോം‌പറ്റര്‍ നമ്മുടെ നാടകത്തിലെ കഥാപാത്രമാണ് പക്ഷേ നാടകത്തിനുള്ളിനെ നാടകത്തിലെ അതായത് ഭ്രാന്തന്മാര്‍ അഭിനയിയ്ക്കുന്ന നാടകത്തിലെ കഥാപാത്രമല്ല.

ഭ്രാന്തമാര്‍ അഭിനയിയ്ക്കുന്ന നാടകം കാണുവാന്‍ പുള്ളുവന്റെ ഭാര്യ സാന്ദര്‍ഭികമായി വരുന്നു. ഭര്‍ത്താവിനെ സ്റ്റേജില്‍ കണ്ട് അവര്‍ അമ്പരക്കുന്നു. അതിന്റെ ഇടയില്‍ അവര്‍ കഥാപാത്രങ്ങളുമായി സംവദിയ്ക്കുന്നു.

രാജ്യത്ത് ഒരു മത്സരം നടക്കുന്നു. ശബ്ദങ്ങളുടെ മത്സരം. രാജാവിന് പിറന്നാള്‍ സമ്മാനമായി. പാവം പുള്ളൂവന്‍, അവനുണ്ടാക്കുന്ന സംഗീതത്തിന് എന്തുവില, അവനെന്തു സമ്മാനം കിട്ടാന്‍. പക്ഷേ ശബ്ദമുണ്ടാക്കേണ്ട സമയത്ത് രാജ്യം മുഴുവന്‍ നിശബ്ദമാകുന്നു.(അത് എങ്ങനെയാണെന്നറിയേണ്ടവര്‍ ‘അവതരണം ഭ്രാന്താലയം’ വായിക്കുക.) പുള്ളുവന്റെ സംഗീതം മാത്രം ഉയരുന്നു. രാജാവിന് ആ സംഗീതത്തിന്റെ വില മനസിലാക്കുന്നു.

സ്റ്റേജില്‍ കരണ്ടു പോവുന്നു. കരണ്ട് വരുമ്പോള്‍ സ്ടേജില്‍ നടമാരെ കാണാനില്ല. സംഘാടകന്‍ വന്ന് ഭ്രാന്തന്മാര്‍ കടന്നുകളഞ്ഞതായും ചിലപ്പോള്‍ കാണികളുടെ ഇടയില്‍ കണ്ടേക്കാം എന്നും അഭിപ്രായപ്പെടുന്നതോടെ നാടകം അവസാനിയ്ക്കുന്നു.

നടന്മാരെ തിരഞ്ഞെടുത്തു.രാത്രി പത്തു പത്തരമുതല്‍ പാതിരാവരെ പ്രാക്ടീസും തുടങ്ങി.
അവതരണം ഭ്രാന്താലയം 2

0 Comments:

Post a Comment

<< Home

free site statistics