Tuesday, September 23, 2008

ലോക്കല്‍‌സ്

പണ്ടേ ഹോസ്റ്റല്‍ നിവാസികളും നാട്ടുകാരുമായി അത്ര രസത്തിലല്ല. സ്വന്തം തട്ടകത്തില്‍ കിടക്കുകളിയ്ക്കുന്ന വരത്തന്മാരോട് കലിപ്പുതോന്നുന്നത് സ്വാഭാവികം. ക്ലബ് എഫ്.എമ്മും ബെസ്റ്റ് എഫ്.എമ്മും ഒന്നും വരുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍പേ സ്വന്തമായി ഒരു സം‌‌പ്രേഷണനിലയമുണ്ടാക്കി അണ്‍സെന്‍സേര്‍ഡ് ഗാനങ്ങളുടെ തത്സമസം‌‌പ്രേഷണം നടത്തിയ ചരിത്രമുണ്ട്. സാങ്കേതിക വിദ്യാര്‍ത്ഥികളായിപ്പോയില്ലേ....അഹമ്മതി കാണിച്ചാ‍ലും ഹൈട്ടെക്കേ കാണിക്കൂ.സാങ്കേതിക വിദ്യാര്‍ത്ഥികളായിപ്പോയില്ലേ....

പാതിരാത്രിയായാലും കിടന്നുറങ്ങാതെ അലഞ്ഞുതിരിയല്‍, ഉച്ചത്തിലുള്ള പുറത്തുപറയാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ സംസാരം, കൂക്കുവിളി, പ്രകമ്പനം കൊള്ളിയ്ക്കുന്ന ശബ്ദകോലാഹങ്ങളോടെയുള്ള ഹോളിവുഡ് ചിത്രങ്ങളുടെ പ്രദര്‍ശനം. നാട്ടുകാര്‍ക്കു കിടന്നുറങ്ങേണ്ടേ. ആര്‍ക്കാണെങ്കിലും ദേഷ്യം വരില്ലേ?

അതുകൊണ്ട് നാട്ടിലെ തണ്ടും തടിയുമുള്ളവര്‍ ഹോസ്റ്റലില്‍ വന്നും ഭീഷണിപ്പെടുത്തുക (തല്ലിയകാര്യം പുറത്തു പറയരുതല്ലോ!), അത്ര തണ്ടും തടിയുമില്ലാ‍ത്തവര്‍ ഒളിച്ചും പാത്തും കല്ലെറിയുക തുടങ്ങിയ കലാപരിപാടികള്‍ കൃത്യമായ ഇടവേളകളില്‍ നടന്നു പോന്നിരുന്നു.

ആയിടയ്ക്ക് ഹോസ്റ്റല്‍ മെസ്സ് സാമ്പത്തിക മാന്ദ്യം അനുഭവിയ്ക്കുകയും, അതിനുപിന്നില്‍ ചിലസാമ്പത്തിക ക്രമക്കേടുകളുണ്ടോ ഇല്ലയോ എന്ന സംശയത്തെത്തുടര്‍ന്ന് അന്വേഷണത്തിനു വിധേയമാവുകയും, അന്വേഷണാത്മകമായി അടച്ചിടുകയും ചെയ്തു. മാത്രമോ വിദ്യാര്‍ത്ഥികളുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് അടുത്തുള്ള ടോപ്പ് ഫൊം എന്ന ഹോട്ടലിനും ഏതാണ്ട് ഇതേ അവസ്ഥനേരിടേണ്ടി വരുകയും നഷ്ടത്തിലായി അടച്ചുപൂട്ടുകയും ചെയ്തു. അക്കാരണംകൊണ്ട് തൃക്കാക്കര അമ്പലം വരെപോയി ചോയിസ് എന്നപേരില്‍ അവിടെ പ്രവര്‍ത്തിരുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ഒരിയ്ക്കല്‍ ചോയിസില്‍ നിന്നും പൊറോട്ടയും ബീഫും കഴിച്ചിട്ട് തിരിച്ചു നടക്കുന്നു. സമയം പത്തുമണിയോടടുക്കുന്നു രാത്രി. ഞാനും, പാണ്ടിയും, ടി.പിയും പിന്നെ ആരെക്കെയോ ഉണ്ട് സംഘത്തില്‍. അഞ്ചാറു പേരുടെ സംഘം. ഏതോ ഒരു ലോക്കല്‍ ടീം ബൈക്കില്‍ പറപ്പിച്ചു പോയപ്പോള്‍ ടീ.പി “ഠോ” എന്നൊരു ശബ്ദമുണ്ടാക്കി. ബൈക്കുകാര്‍ ഒന്നു നിറുത്തി രൂക്ഷമായി ഒന്നു തിരിഞ്ഞു നോക്കി. ഇരുട്ടില്‍ രൂക്ഷതയുടെ തോത് മനസിലാകുമായിരുന്നില്ലെങ്കിലും അതത്ര പന്തിയായ നോട്ടമായിരുന്നില്ല. വീണ്ടൂം വണ്ടി സ്റ്റാര്‍ട്ടാക്കി അവര്‍ മുന്‍‌‌പോട്ടു പോകാന്‍ തുടങ്ങിയതായിരുന്നു അവര്‍.

പിന്നേ കോളേജു പിള്ളാരോടാ കളി. ഒരിക്കല്‍ കൂടി “ഠോ ...ഠോ...”

ലവന്മാരു വണ്ടി ഞങ്ങളുടെ നേര്‍ക്കു തിരിച്ചു.

ടി.പിയ്ക്ക് അന്നു മീശമുളച്ചിട്ടില്ലാഞ്ഞതിനാലും ഉള്ളതില്‍ തണ്ടു തടിയും തോന്നിയ്ക്കുന്നത് പാണ്ടിയ്ക്കായതിനായും ഉള്ള തെറി മുഴുവന്‍ പാണ്ടി കേട്ടു. വായില്‍ കോലിട്ടുകുത്തിയാല്‍ കടിയ്ക്കാത്ത പാവം പാണ്ടിയെ ഏതോ ഒരുത്തല്‍ ക്രൂരവും പൈശാചികവുമായി അസഭ്യം പറയുന്നതു കണ്ട് ഞങ്ങളെല്ലാം ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തില്‍ നിന്നു.

ഠ വട്ടത്തില്‍ കിടന്നു കളിയ്ക്കുന്ന ലോക്കത്സുമായി തായംകളിയ്ക്കാന്‍ ഹോസ്റ്റലേര്‍സ് തയ്യാറല്ല എന്നല്ല, താത്പര്യമില്ല. ഡയോഡും ട്രാന്‍‌സിറ്ററും ഇട്ടമ്മാനമാടുന്ന സര്‍ക്യൂട്ട് ലാബുകളിലേയ്ക്ക് കയ്യിലും കാലിലും ചുറ്റിക്കെട്ടുമായി ചെന്നുകേറാന്‍ താത്പര്യമില്ല. അത്ര തന്നെ.

1 Comments:

  • Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!

    By Anonymous Anonymous, at Saturday, January 09, 2010 7:05:00 AM  

Post a Comment

<< Home

free site statistics