Tuesday, June 18, 2019

ഇസ്താംബുൾ ഡയറീസ് - 2

സമയം 7 കഴിഞ്ഞു. ടാക്സി ബുക്കു ചെയ്തു തരുവാൻ വാമഭാഗവും ഉത്സാഹിച്ചു. ഏതായാലും അധികം വൈകാതെ ഊബർ കിട്ടി. നേരേ നൈസ് റോഡുവഴി എയർപ്പോർട്ടിനു വിട്ടേയ്ക്കാൻ ഡ്രൈവറോടൂ പറഞ്ഞു. ഇനി മഴപെയ്തു വഴി കുളമായി ട്രാഫിക്ക് ബ്ലോക്ക് ആയി എടങ്ങേടാവണ്ട എന്നു കരുതി.

മഴപെയ്തുമില്ല, കാര്യമായ ട്രാഫിയ്ക്കും കിട്ടിയില്ല. 9:15 ഓടെ എയർപോർട്ടിൽ എത്തി. ആദ്യ ഫ്ലൈറ്റ് ഡൽഹീയ്ക്കാണ്. വലിയ ബാഗ് ചെക്കിൻ ചെയ്തു. ക്യാബിനിലേയ്ക്ക് ഒരു ചെറിയ ബാഗും പിന്നെ ഷോൾഡറിൽ ലാപ്‌ടോപ്പ് ബാഗും. ഒരിയ്ക്കൽ ഫ്ലോറൻസിൽ വച്ചും മറ്റൊരിയ്ക്കൽ ന്യൂയോർക്കിൽ വച്ചും ചെക്കിൻ ബാഗ് നഷ്ടപ്പെട്ടതിൽ പിന്നെ ഒന്നു രണ്ടു ദിവസം തള്ളിനീക്കുവാനുള്ള സാമഗ്രികൾ ക്യാബിൽ ബാഗിൽ തന്നെ കാണും.

സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞ് ഗേറ്റിലേയ്ക്ക് നടന്നു. ടിവിയിൽ ഇന്ത്യ ഓസ്ടേലിയ കളി നടക്കുന്നു. ഇന്ത്യയ്ക്ക് നല്ല സ്കോറുണ്ട്. ഓസ്ടേലിയയുടെ ബാറ്റിംഗ് ആണ്. കളി ഏറെക്കുറെ ഇന്ത്യയുടെ വരുതിയിലായതുകൊണ്ട് വല്യ താത്പര്യം തോന്നിയില്ല. എങ്കിലും ആൾക്കാരുടെ ആർപ്പുവിളികളും കൈയ്യടികളൂം ഒക്കെക്കൊണ്ട് ഒരു കോളേജ് ഹോസ്റ്റലിന്റെ മൂഡ് ഉണ്ട്. കുറച്ചു നേരം ഇരുന്നു കളികണ്ടു. രണ്ടു മൂന്നു മണിയ്ക്കൂറു തള്ളിനീക്കിയാലേ ഡൽഹീ ഫ്ലൈറ്റു വരൂ. അതിന്റെ ഇടയ്ക്ക് ഏതോ ഒരുത്തൻ കയറി മുന്നിൽ നിന്നു. തൊട്ടടുത്തിരുന്ന ചേട്ടൻ ചൂടായി അവനെ മാറ്റി. അപ്പോൾ വരുന്നു ദേ വേറൊരുത്തൻ. 

ഞാൻ ഇറങ്ങി നടന്നു. വിശപ്പിന്റെ വിളി വരുന്നുണ്ട്. ഭക്ഷണം കഴിയ്ക്കുന്നത് വൈകിപ്പിയ്ക്കാനുള്ള എന്റെ ശ്രമം അത്ര വിജയിച്ചില്ല. ഒരു സാൻവിച്ച് ഓഡർ ചെയ്തു. ഒന്നേ ഉണ്ടായിരുന്നൂ എങ്കിലും ഒരൊന്നൊന്നര സാൻവിച്ച് ആയിപ്പോയി. കഴിച്ചു കഴിഞ്ഞ് വീണ്ടും അങ്ങോട്ടുമിങ്ങോട്ടൂം ഉലാത്തി. അതിന്റെ ഇടയ്ക്ക് കളി അവസാന ഓവറുകളിലേയ്ക്ക് എത്തിയിരുന്നു. ഇന്ത്യ ജയിച്ചു.  സ്ക്രീനുകളുടെ മുൻപിൽ നിന്ന് കയ്യടികൾ ഉയർന്നു.

ഉറക്കം വരുന്നുണ്ട്. ഇനി ഒന്നര മണിയ്ക്കൂറുകൂടെയുണ്ട് ഫ്ലൈറ്റിന്. എങ്ങനെയും കടിച്ചുപിടിച്ച് ഉറങ്ങാതിരിയ്ക്കണം. പോയി ഒരു കാപ്പികുടിച്ചു. അങ്ങോട്ടൂമിങ്ങോട്ടും നടന്നു. 12 മണിയ്ക്കത്തേയ്ക്കേ മൊബൈലിൽ അലാറം വച്ചു. എങ്ങാനും ഇരുന്ന് ഉറങ്ങിപ്പോയി ഫ്ലൈറ്റ് മിസ്സാവരുതല്ലോ.

ഏതായാലും ഫ്ലൈറ്റു വന്നു. ഞാൻ കയറി...ഇനി ഡൽഹിയിലേയ്ക്ക്

 

Tuesday, June 11, 2019

ഇസ്താംബുൾ ഡയറീസ് - 1

ആമുഖം
 യൂറോപ്പിൽ പല തവണ (ചുമ്മാ...വെറും രണ്ടൂ തവണ - ഒരിയ്ക്കൽ ഇറ്റലിയിലേയ്ക്കും ഒരിയ്ക്കൽ പോളണ്ടിലേയ്ക്കും) വന്നിട്ടുണ്ടെങ്കിലും യൂറോപ്പിനു മുകളിലൂടെ അമേരിയ്ക്കയിലേയ്ക്ക് പല തവണ (നാലു തവണയേ ഉള്ളൂ... നമ്മൾ ഒന്നിക്കൊന്നിരാടം അമേരിയ്ക്കയിലേയ്ക്ക് പോകുന്നുണ്ടെന്ന് വായിയ്ക്കുന്നവർ വിചാരിച്ചോട്ടേ എന്നു കരുതിയാണ് പല എന്നു പറഞ്ഞത്) പറന്നിട്ടുണ്ടെനിലും തുർക്കിയിൽ ഇത് ആദ്യമായിട്ടാണ്. ചാക്കോച്ചൻ  (നിങ്ങൾക്കറിയില്ല അങ്ങനെ ഒരാളുണ്ട്) ഞാനും എന്റെ ഭാര്യയും പിള്ളേരും എന്നു പറയാറുള്ളതുപോലെ ഞാനും എന്റെ ആപ്ലിക്കേഷനും എന്റെ ടീമും എന്ന രീതിയിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന ഞാൻ ഇങ്ങനെ ഒരു പര്യടനത്തിനു നിർബന്ധിതനായത് തികച്ചും അവിചാരിതമായിട്ടാണ്. പ്രസ്തുത പര്യടനത്തിനു നിയോഗിയ്ക്കപ്പെട്ട പശ്ചമ ബംഗാളുകാരൻ സഖാവിനു നേരായ വഴിയിൽ വിസ അടിച്ചു കിട്ടാൻ മൂന്നു ആഴ്ച എടുക്കുമത്രേ. മൂന്നാഴ്ച കഴിഞ്ഞ് അങ്ങോട്ടു ചെന്നാൽ ഇപ്പോൾ ആപ്ലിക്കേഷന്റെ എല്ലാമെല്ലാമായ സഖാവിന്റെ പൂടപോലും കമ്പിനി പരിസരത്ത് കാണില്ലാ എന്നതിനാലും E-VISA എന്ന സംവിധാനത്തെക്കുറിച്ച് കേട്ടറിഞ്ഞ എന്റെ മുതലാളി ഈ ദൗത്യം എന്നെ ഏല്പിയ്ക്കുകയായിരുന്നു. അമേരിയ്ക്കൻ വിസ ഉള്ളവർക്ക് കാലവിളംബം കൂടാതെ തുർക്കി വിസ ഏർപ്പാടാക്കുന്ന പരിപാടിയാണ് E-VISA. അപേക്ഷിച്ച  അന്നു തന്നെ പിഡിഫ് ആയി വിസ എത്തി. പ്രിന്റ് ഔട്ട് എടുത്ത് കയ്യിൽ വച്ചാൽ മാത്രം മതി, അമേരിയ്ക്കൻ വിസയ്ക്ക് സാധുത ഉണ്ടാവണം എന്നു മാത്രം.

ശനിയാഴ്ച രാത്രി അതായത് ഞായറാഴ്ച അതിരാവിലെ ഉള്ള ഇത്തിഹാദിന്റെ വിമാനമായിരുന്നു ഞാൻ തിരഞ്ഞെടുത്തിരുന്നത്.  ഏതായാലും അത് ഉറപ്പിയ്ക്കുന്നതിനു മുൻപു തന്നെ ക്യാൻസൽ ആയിപ്പോയി. അതുകൊണ്ട് യാത്ര ഞായറാഴ്ച രാത്രിയിലേയ്ക്കു മാറ്റി. എന്നു വച്ചാൽ പിറ്റേ ദിവസം രാവിലെ. 12:20 am നു ഡൽഹിയിലേയ്ക്ക് അവിടെ നിന്ന് ടർക്കിഷ് വിമാനത്തിൽ ഇസ്താംബുള്ളിലേയ്ക്ക്.

ശനിയാഴ്ച തന്നെ ഞായറാഴ്ച വൈകുന്നേരം ഏഴുമണിയ്ക്ക് ഓലാ ബുക്ക് ചെയ്തിരുന്നു. ഒരു 6 മണി ആയപ്പോൾ തന്നെ ഓലയുടെ സ്ഥിരീകരണവും ഡ്രൈവറുടെ വിവരങ്ങളും എല്ലാം ലഭിച്ചു. ഞാൻ വളരെ കൂളായി എല്ലാം അടുക്കെപ്പെറുക്കി പോകുവാൻ തയ്യാറായി. സാധാരണ ഉണ്ടാകാറുള്ള വെപ്രാളത്തിനുള്ള എല്ലാ പഴുതുകളൂം അടച്ചുകൊണ്ടൂള്ള പ്ലാന്നിംഗ്.  കൃത്യം 6:55 നു ഓലയുടെ മെസേജ് വന്നു. നിങ്ങളുടെ ബുക്കിംഗ് ഡ്രൈവർ ക്യാൻസൽ ചെയ്തിരിയ്ക്കുന്നു. അത്രയും നേരം ഉണ്ടായിരുന്ന എല്ലാ മനസമാധാനവും പോയി. ഈ മനസമാധാനം എന്നത് മനസമാധാനമാണോ മനഃസമാധാനമണോ. പോയിക്കഴിഞ്ഞിട്ടൂ പിന്നെ അതല്ല ഇതാ എന്നൊന്നും പറഞ്ഞിട്ടൂ കാര്യമില്ലല്ലോ. പോയി. മാനത്തു കാറുകൊണ്ടു. മനസിലും. മഴ ഒന്നു ചാറി. ബാംഗ്ലൂരിൽ മഴ പെയ്തുകഴിഞ്ഞാൽ ട്രാഫീക് പ്രവചനാതീതമാണ്. ഇൻഡോറിലേയ്ക്കുള്ള ഫ്ലൈറ്റ് പിടിയ്ക്കുവാൻ പോകുന്ന വഴി ഡ്രൈവർ പറഞ്ഞത് നാലു മണീക്കൂറുകൊണ്ടൂ പോലും വിമാനത്താവളത്തിൽ എത്താനാവാഞ്ഞ സന്ദർഭം ഉണ്ടെന്നാണ്. വേറേ ഓലാ ബുക്കു ചെയ്താൽ കിട്ടുമോ, ഊബർ ബുക്കു ചെയ്യണോ, പെൺപിറന്നോരോടു എയർപ്പോർട്ടിൽ കൊണ്ടൂ ചെന്നാക്കാൻ പറഞ്ഞാലോ....ഏതായാലും ഭാഗ്യത്തിന് ഒരു ഊബർ കിട്ടി.

free site statistics