Friday, February 23, 2007

ഒളിഞ്ഞുനോട്ടം

എട്ടു പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ചങ്ങനാശ്ശേരി S.B ഹൈസ്കൂളില്‍ ജോണ്‍ സാറാണ് ഹെഡ്‌മാസ്റ്റര്‍. സാറിനെ പൊതുവെ എല്ലാവര്‍ക്കും പേടിയാണ്, കുട്ടികള്‍ക്കും കുറേശ്ശെ അധ്യാപകര്‍ക്കും. കുട്ടികളല്ലേ, സ്കൂളല്ലേ കുറച്ച് ഒച്ചയും ബഹളവുമൊക്കെ ഉണ്ടായെന്നിരിക്കും. അപ്പോള്‍ ജോണ്‍ സാര്‍ സ്കൂളിന്റെ ഒത്തനടുക്കുള്ള ബില്‍ഡിങിന്റെ തൂണില്‍ ചൂരലുകൊണ്ട് നാലടി അടിക്കും. സ്കൂള്‍ ശാന്തം. ഒരു മൊട്ടു സൂചി ഇട്ടൂനോക്കിയേ, സത്യമായിട്ടൂം കേള്‍ക്കാന്‍ പറ്റും.

സ്‌കൂളിന്റെ ഒത്തനടുക്കുള്ള ആ ബില്‍ഡിങിലാണ് ഓഫീസ് റൂം. മൂന്നുനിലയുള്ള കെട്ടിടമാണ് അത്. ഇപ്പോള്‍ ഉള്ളതില്‍ വച്ചേട്ടവും പഴക്കമുള്ളതും അതിനു തന്നെ. താഴത്തെ നിലയില്‍ ഓഫീസ് റൂം, ഹെഡ്‌മാസ്റ്ററുടെ മുറി, പിന്നെ ഒരു ടീച്ചേര്‍സ് റൂം ഇവയാണുള്ളത്. അതിനു മുകളിലുള്ള രണ്ടു നിലകള്‍ ക്ലാസ് റൂമുകളാണ്.

സ്കൂള്‍ മൊത്തത്തില്‍ മൂന്നു നാലു ബില്‍ഡിങ് ആണ്. ഹെഡ് മാസ്റ്ററിനാണെങ്കില്‍ ഇടക്കിടക്ക് ഒന്നു റോന്തുചുറ്റുന്ന പതിവുണ്ട്. എല്ലാ ബില്‍ഡിങിലൂടെയും ഒന്നു കയറിയിറങ്ങും. കുറുത്തക്കേടുകണിക്കുകയോ ക്ലാസില്‍ ഒച്ചയുണ്ടാക്കുകയോ ചെയ്യുന്ന കുറേയെണ്ണത്തിന് അടി ഉറപ്പാണ്. ഹെഡ് മാസ്റ്ററുടെ മുറിയില്‍ സാറില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം സാ‍റ് മേല്‍പ്പറഞ്ഞ റൊന്തുചുറ്റലിന് പോയീ എന്നാണ്.

നൂറുവയസ്സു കഴിഞ്ഞ സ്കൂളായതുകൊണ്ട് സ്കൂളിന്റെ മെയില്‍ ബില്‍ഡിങ് ആയ മേല്‍പറഞ്ഞ കെട്ടിടം വാര്‍ത്തതായിരുന്നില്ല. തടികൊണ്ടു തട്ടിട്ടതായിരുന്നു. ഹെഡ്മാസ്റ്ററുടെ റൂമിന്റെ മുകളില്‍ ക്ലാസുള്ള കാര്യം ഞാന്‍ നേരത്തെ തന്നെ പറഞ്ഞുവല്ലോ. ഈ ക്ലാസിലെ ഏതോ ഒരു വിരുതന്‍ തട്ടിലെ പലകക്കിടയിലെ ഒരു വിടവ് കണ്ടു പിടിച്ചു. ഇതിലേകൂടെ നോക്കിയാല്‍ ഹെഡ്മാസ്റ്ററുടെ റൂം വ്യക്തമായി കാണാനാകുമായിരുന്നു. ഈ വിടവിലൂടെ നോക്കി സാര്‍ റോന്തുചുറ്റലിനു പോയോ ഇല്ലയോ എന്ന് ഉറപ്പുവരുത്തുകയും റോന്തുചുറ്റാന്‍ ഇറങ്ങിയെങ്കില്‍ ക്ലാസിലെ കുട്ടികള്‍ക്ക് സിഗ്നല്‍ കൊടുക്കുകയും കുട്ടീകള്‍ അടങ്ങൈയിരിക്കുകയും സാറിന്റെ അടിയില്‍ നിന്നു രക്ഷപെടുകയും ചെയ്തു പോന്നു.
ഇങ്ങനെയൊരിക്കല്‍ ഒരുത്തന്‍ കുമ്പിട്ടൂകിടന്ന് വിടവിലൂടെ കാര്യങ്ങള്‍ നിരീക്ഷിക്കുയായിരുന്നു. വിവരങ്ങള്‍ അറിയാന്‍ എല്ലാവരും ചുറ്റും കൂടുകയും ചെയ്തു. സാറ് മുറിയിലുണ്ടോ ഇല്ലയോ എന്നറിയുന്നതിന്നും മുന്‍പേ തന്നെ സാറ് ക്ലാസിനടുത്തെത്തിയിരുന്നു. സാറിനെ കണ്ടപാടെ കുട്ടികള്‍ എല്ലാവരും യഥാസ്ഥാനങ്ങളില്‍ പോയിരുന്നു, കുനിഞ്ഞു കിടന്നു നോക്കുന്നവനൊഴിച്ച്. അവനാകട്ടെ ഏകാഗ്രതയോടെ വിടവിലൂടെ കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു.

സാറുവന്നു നോക്കുമ്പോള്‍ കാണുന്നത് കുനിഞ്ഞു കുമ്പിട്ടു കിടക്കുന്ന ഇവന്റെ പിന്‍ഭാഗമാന്. ബാക്കി കുട്ടീകളെല്ലാം അച്ചടക്കത്തോടെ അവരവരുടെ സ്ഥാനങ്ങളില്‍ ഇരുന്നു പഠിക്കുന്നു.
ശേഷം ഭാവനയില്‍...

Tuesday, February 20, 2007

അലാറം

അന്നന്നുള്ള പാഠങ്ങള്‍ അന്നന്നു തന്നെ പഠിക്കണം.
പക്ഷേ അതിനൊക്കെ എവിടാ സമയം.!!
ഹോസ്റ്റലില്‍ രാത്രികളില്‍ കത്തിയടി, ചീട്ടൂകളി, സിനിമാ കാണല്‍ എല്ലാം കഴിഞ്ഞ് ..........
എന്നാല്‍ പിന്നെ രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ എണീറ്റിരുന്ന് പഠിച്ചാലെന്താ? പഠിക്കാന്‍ പറ്റിയ സമയം അതുതന്നെയാണെന്ന് ശാസ്ത്രം ശരിവയ്ക്കുകയും ചെയ്യുന്നു.
ശരി, അങ്ങനെയാകട്ടെ.
ടൈം പീസില്‍ അലാറം സെറ്റുചെയ്യുന്നു. അതിരാവിലെ ഉണരാമെന്ന പ്രതീക്ഷയോടെ കട്ടിലിലേക്ക്. രാവിലെ അലാറമടിക്കുന്നു. താന്‍ പോലുമറിയാതെ കപീഷിന്റെ വാലുപോലെ കൈകള്‍ നീണ്ടുചെന്ന് അലാറം ഓഫ് ചെയ്യുന്നു. പിന്നെ കോളേജിലെക്ക് എഴുന്നള്ളതിന്റെ തൊട്ടുമുന്‍പെയാണ് ഉണരുക. ഇത് പഠിക്കണമെന്ന് ആഗ്രഹമുള്ള ഏതിരു ഹോസ്റ്റല്‍ നിവാസിയുടെയും പ്രധാന പ്രശ്നമായിരുന്നു, ആണ് ആയിരിക്കുകയും ചെയ്യും.

ഈ പ്രശ്നം എങ്ങെനെ നേരിടാം എന്ന ഒരു ചര്‍ച്ച സനോജിന്റെ മുറിയില്‍ അരങ്ങേറി. ഉരുത്തിരിഞ്ഞ ഒരു പോംവഴി എന്നത് അലാറം ഒളിപ്പിച്ചു വയ്ക്കുക എന്നതാണ്. സനോജിന് രാവിലെ എണീറ്റ് പഠിക്കണമെന്നുണ്ട്. അലാറമൊളിപ്പിക്കാനുള്ള പണി സനോജ് ഹരിയെ ഏല്‍പ്പിച്ചു. സനോജ് ഉറങ്ങി. ഹരി അലാറം സെറ്റു ചെയ്ത് എവിടെയോ ഒളിപ്പിച്ചു.

രാവിലെ അലാറം കേട്ട് സനോജ് ഉണര്‍ന്നു. ടൈം‌പീസ് എവിടെ! അലാറമടിക്കുന്നുണ്ട്. പക്ഷേ സനോജിന് ടൈം‌പീസ് കണ്ടു പിടിക്കാനാവുന്നില്ല. മേശപ്പുറത്ത്, മേശയുടെ അടിയില്‍, കട്ടീലിന്റെ അടിയില്‍ എന്നിങ്ങനെ നോക്കാവുന്ന എല്ലായിടത്തും നോക്കി. ഒരു രക്ഷയുമില്ല.

സഹികെട്ട് സനോജ് ടൈം‌പീസ് അന്വേഷിക്കുന്നത് മതിയാക്കി, കട്ടിലിനെത്തന്നെ അഭയം പ്രാപിച്ചു. അലാറം അപ്പോഴും അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ ഉണര്‍ന്നപ്പോഴേക്കും രാവിലെ ഒന്‍പതുമണി കഴിഞ്ഞിരുന്നു.

Monday, February 19, 2007

പട്ടുവും ബാലനും

ഫസ്റ്റിയറില്‍ ജോയിന്‍ ചെയ്തതുമുതല്‍ റാഗിങ് കാലഘട്ടം അവസാനിക്കുന്നതുവരെ എപ്പോള്‍ കണ്ടായും സല്യൂട്ടുചെയ്തുകൊള്ളണം എന്ന ഫോര്‍‌ത്തിയേര്‍സിന്റെ കല്‍പ്പന ശിരസ്സാവഹിച്ചതുകൊണ്ടാണ് പ്രശാന്തിന് പട്ടാളം എന്ന പേരു വീണത്. അതു ലോപിച്ച് പട്ടു എന്നായത് ചരിത്രം. ആ നാലുവര്‍ഷം കൊണ്ട് സ്വന്തം പേരു പോലും അദ്ദേഹം മറന്നിരിക്കണം അത്രക്ക് പ്രചാരം സിദ്ധിച്ചിരുന്നു പട്ടാളത്തിന് അഥവാ പട്ടുവിന്.

ആദ്യവര്‍ഷം അയല്‍‌പക്കമായിരുന്നെങ്കിലും അടുത്ത മൂന്നുവര്‍ഷവും പട്ടുവിന് സഹമുറിയനായി ബാലമുരുകനെ ലഭിച്ചു. ബാലമുരുകന്‍ പൊതുവെ ബാലന്‍ എന്നറിയപ്പെട്ടൂ. സ്നേഹമുള്ളവര്‍ ബാലേട്ടാ എന്നു വിളിച്ചിരുന്നെങ്കിലും.

അങ്ങനെ ബാലേട്ടനും പട്ടാളവും കൂടി 2002 മുതല്‍ 2004 വരെയുള്ള കാലത്ത് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ ബാത്ത് റൂമിനോട് ചേര്‍ന്നുള്ള 218ആം നമ്പര്‍ മുറിയില്‍ കഴിച്ചുകൂട്ടി.

യാദൃശ്ചികമായിരിക്കാം 2003 ഓണക്കാലത്ത് ഇറങ്ങിയ രണ്ടു ചലച്ചിത്രങ്ങളായിരുന്നു ബാലേട്ടനും പട്ടാളവും.

free site statistics