Monday, January 29, 2007

കണ്ണനും ചൌക്കീദാറും

കോളേജില്‍ ചളുകള്‍ മാത്രമടിച്ചുകൊണ്ടിരുന്ന കണ്ണനെ L&T കാര്‍ പൊക്കിക്കോണ്ടു പോയീ. ഊരുചുറ്റുകളെ സര്‍വാത്മനാ സ്നേഹിച്ചിരുന്ന അവനെ അവര്‍ ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും നിയോഗിച്ചു.(രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്).ഈ പര്യടനത്തിന്റെ ഇടയിലെപ്പോഴോ ആണ് അവന്റെ മൊബൈല്‍ ഫോണ്‍ ഫര്‍ണ്ണസ്സിനുള്ളിലേക്ക് കയ്യില്‍ നിന്നും വഴുതിവീണത്. ഇതേപോലെയൊരിക്കല്‍ കല്‍ക്കട്ടയിലായിരുന്നപ്പോഴാണ് അവന്‍ അവിടുത്തെ ഒരു ജമീന്‍‌ദാരുടെ സുന്ദരിയായ മകളെയും കൊണ്ട് സിനിമയ്ക് പോയത്(അതൊരു തെറ്റാണോ??!!).

കല്‍ക്കട്ടയിലായിരുന്ന കാലമത്രയും അവന്‍ ടി ജമീന്‍‌ദാരുടെ അതിഥി ആയിരുന്നു. അതിഥി എന്നു പറഞ്ഞാല്‍ രാജകീയമായ താമസം സമീന്‍‌ദാരുടെ വീട്ടില്‍ എന്നര്‍ഥം. കല്‍ക്കട്ട എന്നു പറഞ്ഞാല്‍ പ്രോപ്പര്‍ കല്‍ക്കട്ടയാണ് തെറ്റിദ്ധരിക്കരുത്. കല്‍ക്കട്ടയുടെ അടുത്ത് എന്നു പറയാവുന്ന എതോ ഒരു പട്ടിക്കാട്. ഹോട്ടലുകളോ ലോഡ്‌ജുകളോ ഇല്ലാത്ത ആ കാട്ടുമുക്കില്‍ ഒരു എന്‍‌ജിനീയര്‍ക്കു താമസിക്കാന്‍ കൊള്ളാവുന്ന ഒരിടം എന്നു പറയുന്നത് ആ ജമീന്‍‌ദാരുടെ വീടുമാത്രമായിരുന്നിരിക്കണം.

ആയിടെ ഒരിക്കല്‍ വര്‍ക്ക് സൈറ്റില്‍ നിന്നും വൈകിവന്ന കണ്ണനെ ജമീന്‍‌ദാരുടെ ചൌക്കീദാര്‍ ഒന്നുപദേശിച്ചു. മറ്റൊന്നുമല്ല കുറച്ചു നേരത്തേ വരണമെന്നൊന്നു പറഞ്ഞു. പോരേ പൂരം. ഇന്ത്യയിലെ ഒരു പ്രമുഖകമ്പനിയില്‍ ജോലിചെയ്യുന്ന ഒരു എന്‍‌ജിനീയറെ വെറും ഒരു ചൌക്കീദാര്‍ ഉപദേശിക്കുകയോ. ഇഷ്ടന്‍ ചെറുതായോന്നു ചൂടായി. തന്റെ വര്‍ക്ക് ലോഡിനെക്കുറിച്ചും ഉത്തരവാദിത്ത്വത്തെക്കുറിച്ചും ഒന്നു വിളമ്പി. ഒരുമാതിരി ലേഡീസ് ഹോസ്റ്റലിലെ മാതിരി പറയുന്ന സമയത്ത് വരാനും പോകാനും തന്നെക്കിട്ടുകയില്ലെന്നു തറപ്പിച്ചു പറഞ്ഞു.

ചൌക്കീദാര്‍ എല്ലാം ക്ഷമയോടെ കേട്ടു. കണ്ണന്‍ ഒന്നടങ്ങിയപ്പോള്‍ അയാള്‍ മതിലിനപ്പുറത്തേക്കു ചൂണ്ടുവിരല്‍ നീട്ടി. അയാളുടെ വിരലുകളെ പിന്തുടര്‍ന്ന് കണ്ണന്‍ അപ്പുറത്തെ കുളത്തിന്റെ കരയിലേക്ക് നോക്കി. ഒന്നു ഞെട്ടി. ചെറുതായിട്ടല്ല, സാമാന്യം കാര്യമായിത്തന്നെ ഒന്നു ഞെട്ടി. കുളത്തില്‍ നിന്നു വെള്ളം കുടിച്ചിട്ട് ഒരു പുള്ളിപ്പുലി തിരിച്ചു പോകുന്നു.

ഗുണപാഠം:- അതിനു ശേഷം കണ്ണന്‍ വൈകി വന്നിട്ടീല്ല.(അല്ലേ കണ്ണാ??)

Tuesday, January 16, 2007

നൂറിന്റെ വ്യത്യാസം

കോളേജില്‍ ആര്‍ട്സ് സ്പോര്‍ട്സ് മത്സരങ്ങള്ള house -ഉകള്‍ പ്രഖ്യാപിച്ചു. ഗ്ലാഡിയേറ്റേര്‍സ്, നൈറ്റ്സ്, ഷോഗണ്‍സ്, ടൈറ്റന്‍സ് ഇവയാണ് ഹൌസുകള്‍. ആദ്യം കായിക മത്സരങ്ങളാണ്. അതുകഴിഞ്ഞാണ് കലാമത്സരങ്ങള്‍. കലാകായികമത്സരങ്ങളെല്ലാം ചേര്‍ന്നാണ് ഒരു ഹൌസ് വിജയിയാവുക.

കായികമത്സരങ്ങള്‍ നടക്കുകയാണ്. ടൈറ്റന്‍സ് പോയിന്റുകള്‍ വാ‍രിക്കൂട്ടുകയാണ്. അതേസമയം ഗ്ലാഡിയേറ്റേര്‍സ് എങ്ങിനെയെങ്കിലും നാലു പോയിന്റ് ഒപ്പിക്കാനുള്ള തത്രപ്പാടിലാ‍ണ്. നമ്പ്യാരോ, ആരോമലോ, ടി.കെ യോ(എല്ലാവരും ഗ്ലാഡിയേറ്റേര്‍സ്) ആരൊ ആ രഹസ്യം മനസ്സിലാക്കി. പെണ്‍കുട്ടികളുടെ ഹൈജമ്പിന് മത്സരിക്കാനാരുമില്ല. എങ്ങനെയുങ്കിലും മൂന്നു പെണ്ണുങ്ങളെ തപ്പിയെടുത്ത് മത്സരിപ്പിച്ചാല്‍ ചുളുവില്‍ മൂന്നു പ്രൈസുകളും ആറു പോയിന്റും ചുളുവില്‍ അടിച്ചുമാറ്റാം.
കോളേജിലായിരുന്ന സുമന്റെ ഫോണില്‍ ഒരു മെസേജ്. എങ്ങനെയെങ്കിലും മൂന്നു പെണ്ണുങ്ങളെയും സംഘടിപ്പിച്ച് യൂണിവേര്‍സിറ്റി ഗ്രൌണ്ടില്‍ എത്തണം.

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ചാട്ടക്കാരെയുംകൊണ്ട് ഗൌണ്ടിലെത്തിയപ്പോള്‍ സുമന്‍ കണ്ട കാഴ്ച സുമനെയെന്നപോലെ ഏതൊരു ഗ്ലാഡിയേറ്ററുകാരനെയും കാരിയെയും വേദനിപ്പിക്കുന്നതായിരുന്നു. ടൈറ്റന്‍സിലെ സമീല്‍(ഫൈനല്‍ ഇയര്‍) മൂന്നു പെണ്ണുങ്ങളെയും കൂട്ടി വന്നിരിക്കുന്നു. ഉറപ്പിച്ച സമ്മാനം പോയീന്നറിഞ്ഞ സുമന്‍ സമീലിനോടു കെഞ്ചി.

“സമീലേ, നിങ്ങള്‍ക്കേതായാലും ആവശ്യത്തിനു പോയിന്റുണ്ട്. ഞങ്ങളാണെങ്കില്‍ അക്കൌണ്ട് തുറന്നിട്ടില്ല. ഈ രണ്ടു മൂന്നു പോയിന്റേലും ഞങ്ങള്‍ക്ക് കിട്ടിക്കോട്ടെ”.

സമീലുണ്ടോ വിട്ടുകൊടുക്കുന്നു. “എടീ, ഞങ്ങള്‍ ഇക്കര്യത്തില്‍ തികച്ചും പ്രോഫഷണലാണ്. ഫൈനല്‍ സ്കോര്‍ക്കാര്‍ഡ് ഇടുമ്പോള്‍ ഒരു നൂറുപോയിന്റിന്റെ വ്യത്യാസം ഉണ്ടാവണം. അതാണു ഞങ്ങളുടെ ലക്ഷ്യം. അതില്‍ സെന്റിമെന്‍സിനൊന്നും ഒരു പ്രസക്തിയുമില്ല.” അങ്ങനെ ആ പോയിന്റ്സും ടൈറ്റന്‍സ് സ്വന്തമാക്കി.

Sports കഴിഞ്ഞു, Arts ഉം കഴിഞ്ഞു. final scorcard ഇട്ടു. സമീലിന്റെ നൂറുപോയിന്റിന്റെ ലക്ഷ്യം സാധിച്ചില്ല. എങ്കിലും അവര്‍ അതിന്റെ അടുത്തെത്തി. 97 പോയിന്റ്സിന്റെ വ്യത്യാസം.

നൈറ്റ്സ് - 243
ഷോഗണ്‍സ് - 239
ഗ്ലാഡിയേറ്റേര്‍സ് -227
ടൈറ്റന്‍സ് -146

അറം‌പറ്റുക എന്നു പറഞ്ഞാല്‍ ഇങ്ങനെ വേണം. സത്യം ചെയ്താല്‍ ഒത്തിരിക്കണം.

free site statistics