Wednesday, December 06, 2006

കോപ്പിയടിക്കേണ്ടതെങ്ങനെ?

ഞങ്ങള്‍ എന്‍ജിനീയറിംഗ്‌ കോളേജില്‍ ഒന്നാവര്‍ഷം. വര്‍ഷാവസാന പരീക്ഷ അരങ്ങേറുന്നു. സിവില്‍ ആന്‍ഡ്‌ മെക്കാനിക്കല്‍ ആണ്‌ വിഷയം. അതിന്റെ അവസാനത്തെ ചോദ്യം ഒരു ഇറെഗുലര്‍ ഷെയിപ്പ് ഉള്ള ഒരു പ്ളോട്ടിന്റെ വിസ്തീര്‍ണ്ണം കണ്ടുപിടിക്കാനോ മറ്റോ ആണ്‌. എന്തായാലും പത്തിരുപതു മാര്‍ക്കുള്ള ആ ചോദ്യമാണ്‌ ദിലീഷും ബിമിലും ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ പാസ്സാകണമോ വേണ്ടയോ എന്നു നിശ്ചയിക്കുന്നത്‌.

കൊച്ചിന്‍ യൂണിവേര്‍സിറ്റിയുടെ Question പേപ്പര്‍ ഘടന അറിയാന്‍ പാടില്ലാത്തവരുടെ അറിവിലേക്ക്‌. ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങളില്‍ ഒന്നിന്‌ ഉത്തരം എഴുതണം. അടുത്ത രണ്ടെണത്തില്‍ ഒന്ന്‌, അടുത്ത രണ്ടെണത്തില്‍ ഒന്ന്‌. അങ്ങനെ മൊത്തം പത്തു ചോദ്യത്തില്‍ അഞ്ചെണ്ണത്തിന്‌ ഉത്തരം എഴുതണം. ഓരോ ചോദ്യത്തിനും ഇരുപത്‌ മാര്‍ക്കു വീതം. ഇനി ഒരു വിഭാഗത്തിലുള്ള രണ്ട്‌ Option ഉം ഉത്തരം എഴുതിയാല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ളത്‌ പരിഗണിക്കപ്പെടും.

അങ്ങനെ ഏലിയാസ്‌ സിവില്‍ ആന്‍ഡ്‌ മെക്കാനിക്കലിന്റെ അവസാനത്തെ ചോദ്യമായ മേല്‍പ്പറഞ്ഞ സാധനത്തിന്‌ ഉത്തരം എഴുതുകയാണ്‌. അങ്ങനെ ഉത്തരമെല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ ഏലിയാസ്‌ ഓട്ടക്കണ്ണിട്ട്‌ മുന്‍പിലിരിക്കുന്ന കിരണിന്റെ പേപ്പറിലേക്ക്‌ നോക്കി. കിരണിന്റെ ഉത്തരമല്ല ഏലിയാസിന്റേത്‌. കിരണിനെ മറ്റെന്തിനെക്കാളും വിശ്വാസമുണ്ടായിരുന്ന ഏലിയാസ്‌ സ്വന്തം ഉത്തരം നിര്‍ദാക്ഷിണ്യം വെട്ടിക്കളയുകയും കിരണിന്റേത്‌ അപ്പാടെ പകര്‍ത്തുകയും ചെയ്തു. എന്നിട്ട്‌ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ കയ്യും കെട്ടിയിരുന്നു. ഉത്തരത്തിന്റെ കാര്യത്തില്‍ തന്നെപ്പോലും തീരെ വിശ്വാസമില്ലായിരുന്ന കിരണാകട്ടെ ആ ചോദ്യത്തിന്റെ രണ്ടാമത്തെ Option ഉം എഴുതി സമാധാനിച്ചു.

പരീക്ഷാഹാളിന്‌ പുറത്തെത്തിയപ്പോഴാണ്‌ ഏലിയാസിന്‌ സംഗതികളുടെ കിടപ്പ്‌ പിടികിട്ടുന്നത്‌. താന്‍ വെട്ടിക്കളഞ്ഞ ഉത്തരമാണ്‌ ശരിയെന്നും താന്‍ അടിച്ചുമാറ്റിയ കിരണിന്റെ ഉത്തരം പൊട്ടത്തെറ്റാണെന്നും ഉള്ള നഗ്ന സത്യം അവനെ നോക്കി കൊഞ്ഞനം കുത്തി. പ്രസ്തുത പരീക്ഷയില്‍ രണ്ടാമത്തെ ഓപ്ഷനും എഴുതിയതിന്റെ ബലത്തില്‍ കിരണ്‍ പാസാവുകയും ഏലിയാസിന്‌ സപ്ളിയടിക്കുകയും ചെയ്തു.

ഏതായായും റീവാലുവേഷനില്‍ പുള്ളി പാസായി എന്നു തോന്നുന്നു. പാവം ഏലിയാസ് അതില്‍ പിന്നെ കോപ്പിയടിച്ചിട്ടേയില്ല (സത്യം കിരണിന്റെ പേപ്പറില്‍ നിന്ന് കോപ്പിയടിച്ചിട്ടേയില്ല)

1 Comments:

Post a Comment

<< Home

free site statistics