Tuesday, November 14, 2006

H O D ഇന്റെര്‍നെറ്റില്‍

കഥ ഇതുവരെ
ഹോസ്റ്റലില്‍ Internetഎത്തിയതിന്റെ പിറ്റേന്നു മുതല്‍ ബഹുമാനപ്പെട്ട HOD അതുപയോഗിച്ച്‌ എപ്രകാരം കാശുണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണം ആരംഭിച്ചു. സംരംഭത്തില്‍ പാര്‍ട്‌നര്‍ ആയിരുന്ന ചാത്തന്റെ കമ്പ്യുട്ടര്‍ ആയിരുന്നു മൂപ്പരുടെ പരീക്ഷണശാല. ഹോസ്റ്റലിലെ ഏതോ ഒരു പ്രഭാതം. സമയം എട്ടെട്ടര. തേജൂഭായി 350/- രൂപക്ക്‌ സ്വന്തം മൊബൈല്‍ റീചാര്‍ജ്‌ ചെയ്തു.(തുടര്‍ന്നു വായിക്കുക)

അതെ ദിവസം രാത്രി HOD തന്റെ ഗവേഷണം പുനരാരംഭിച്ചു. ഇന്റെര്‍നെറ്റിന്റെ ആത്മാവിലൂടെ അയാള്‍ സഞ്ചരിച്ചു. ലിങ്കുകളില്‍നിന്ന്‌ ലിങ്കുകളിലേക്ക്‌......

പെട്ടന്ന്‌ ഏതോ ഒരു സൈറ്റിന്റെ ഏതോ ഒരു ലിങ്ക്‌ ഓപ്പണ്‍ ആയി. കൂടെ ഒരു pop up windowയും . അതിലെ ഒരു മെസ്സേജ്‌ HODയെ നോക്കി പുഞ്ചിരിച്ചു. "താങ്കള്‍ ഈ സൈറ്റിന്റെ 1000001 -ആമത്തെ visitor ആണ്‌. 5000/- രൂപയുടെ ഒരു സമ്മാനം താങ്കളെ കാത്തിരിക്കുന്നു." കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുവാന്‍ ഒരു ടോള്‍ ഫ്രീ നമ്പരും കൊടുത്തിരുന്നു.

ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്നവനല്ലേ മലയാളി. HOD യും അങ്ങിനെ തന്നെ. പുള്ളിക്കാരന്‍ തേജൂഭായിയുടെ അടുത്തേക്ക്‌ ഓടി.
"മാന്‍... എനിക്കു നിണ്റ്റെ മൊബൈല്‍ ഒന്നു വേണം, ഒരു അയ്യായിരത്തിന്റെ കോളുണ്ട്‌"
തേജൂഭായി ഫോണ്‍ കൊടുത്തു.

വിവരമറിഞ്ഞ്‌ ഡെസ്പിയന്‍ ഗാങ്ങ്‌ മുഴുവന്‍ HOD യുടെ പുറകെ കൂടി അകൈതവമായ പ്രോത്സാഹനവും പിന്തുണയും പ്രഖ്യാപിച്ചു. സൈറ്റില്‍ കണ്ട റ്റൊള്‍ ഫ്രീ നമ്പരിലേക്ക്‌ HOD വിളിച്ചു. അമേരിക്കയിലേക്കാണ്‌ വിളി എന്നോര്‍ക്കണം. ഒരു മദാമ്മയാണ്‌ ഫോണ്‍ എടുത്തത്‌. അവരെന്തൊക്കെയോ ഇംഗ്ളീഷില്‍ ഇങ്ങോട്ടും HOD എന്തൊക്കെയോ ഇംഗ്ളീഷില്‍ അങ്ങോട്ടും പറഞ്ഞു. എന്തിനധികം പറയുന്നു രണ്ടു കൂട്ടര്‍ക്കും ഒന്നും മനസ്സിലായില്ല. എന്നു മാത്രമല്ല HOD യുടെ അഭിമാനത്തിന്‌ ക്ഷതം ഏല്‍പ്പിച്ചുകൊണ്ട്‌ ആ മൂധേവി മദാമ്മ ഫോണ്‍ ഇംഗ്ളീഷ്‌ അറിയാവുന്ന ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറയുകയും ചെയ്തു.

HOD വീണ്ടും തേജൂഭായിയുടെ അടുത്തേക്കോടി. പിന്നെ തേജുഭായി മദാമ്മയുമായി സംസാരിച്ച്‌ കാര്യങ്ങള്‍ മനസ്സിലാക്കി. പ്രസ്തുത സമ്മാനം ഒരു ഗിഫ്റ്റ്‌ വൌച്ചര്‍ ആണ്‌.അമേരിക്കയിലെ ഏതിക്കെയോ സ്ഥലങ്ങള്‍ കാണുവാനുള്ള ഒരു പാക്കേജ്‌ ഉണ്ടത്രെ. അന്‍പതിനായിരം അറുപതിനായിരം ചിലവുവരുമതിന്‌. HOD അത്‌ സ്വന്തം പോക്കറ്റില്‍ നിന്നെടുക്കണം. അങ്ങനെ ചെയ്താല്‍ ഗിഫ്റ്റ്‌ വൌച്ചര്‍ പ്രകാരം അയ്യായിരം കിഴിവ്‌ കിട്ടും.

ഊജ്വല സമ്മാനം.

എന്തോ പോയ അണ്ണാനെപ്പോലെ HOD ഇരുന്നു.

എല്ലാം കഴിഞ്ഞ്‌ തേജൂഭായി മൊബൈല്‍ ബാലന്‍സ്‌ ചെക്ക്‌ ചെയ്തു. മൂന്നു രൂപാ അന്‍പത്‌ പൈസ. അമേരിക്കയിലുള്ളവര്‍ക്കു മാത്രമേ ടോള്‍ ഫ്രീ ആയിരുന്നുള്ളൂ

(by ജോജൂ)

1 Comments:

  • ഈ പാഷാണം കലക്കി..
    ഇതുപോലുള്ള മെയില്‍-കള്‍ നേരത്തെ എനിക്കും കിട്ടിയിരുന്നു. പക്ഷേ മറുപടി കൊടുക്കാന്‍ പോയില്ല..
    ഈയിടെയായി.. വേറൊരു തരത്തിലുള്ള ഇ-മെയില്‍ പ്രവാഹമാണ്‌. ആഫ്രിക്കയിലെ ഏതൊ ഒരു രാജ്യത്തിലെ താങ്കളുടെ പേരുള്ള ഒരാളും കുടുംബവും വിമാന അപകടത്തില്‍ മരണപ്പെട്ടുവെന്നും അയാളുടെ അളവറ്റ സ്വത്തുക്കള്‍ ഏതൊ ഒരു ആഫ്രിക്കന്‍ ബാങ്കില്‍ ക്ലെയിം ചെയ്യാനില്ലാതെ കിടക്കുകയാണെന്നും മറ്റും. ഇത്‌ ക്ലെയിം ചെയ്യാന്‍ എല്ലാ ഒത്താശയും ചെയ്തു തരാമെന്നും, തുകയുടെ 60 ശതമാനം അയാള്‍ക്കും, പിന്നെ processing charge ആയി ആദ്യം കുറച്ച്‌ തുക അയചുകൊടുക്കണമെന്നും. ഇത്‌ ഒരു fraud ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ..
    മലയാളികള്‍ വെറുതെ കിട്ടിയാല്‍ ആസിഡും കഴിക്കും എന്നു പറഞ്ഞല്ലോ..
    അതുപോലുള്ളവര്‍ ഇതുപോലുള്ള ആളെ കളിപ്പിക്കുന്ന പലതരം മെയിലുകളില്‍ പെടാതെ സൂക്ഷിക്കുക.

    കൃഷ്‌ | krish

    By Anonymous Anonymous, at Tuesday, November 14, 2006 10:31:00 PM  

Post a Comment

<< Home

free site statistics