Tuesday, December 23, 2008

ഹാപ്പി ക്രിസ്തുമസ്

ക്രിസ്തുമസ് രാത്രി പാതിരാകുര്‍ബാനയും കഴിഞ്ഞ് യുവജനങ്ങളുടെ വക എന്തെങ്കിലും പരിപാടികള്‍ പള്ളിയില്‍ പതിവായിരുന്നു. അതു ചിലപ്പോള്‍ തിരുപ്പിറവിയുടെ നാടകാവതരണമോ ഒരു നിശ്ചല ദൃശ്യമോ ഒക്കെയാവാം. ക്രിസ്തുമസ് പപ്പ കൈനിറയെ മിഠായിയുമായി കാഴ്ചക്കാരുടെ ഇടയിലൂടെ നടക്കും. വികാരിയച്ചന്‍ കേക്കുമുറിയ്ക്കും, എല്ലാവര്‍ക്കും വിതരണം ചെയ്യും.

അക്കൊല്ലം ക്രിസ്തുമസ്സിന്റെ നിശ്ചലദൃശ്യമായിരുന്നു പ്ലാന്‍ ചെയ്തത്. ഔസേപ്പൂ പിതാവും മാതാവും ഉണ്ണിയേശുവുമൊത്തുള്ള ഒരു ദൃശ്യം. മലയടിവാരവും പുല്‍ത്തൊട്ടിയും മരങ്ങളും മഞ്ഞും ഒക്കെയുള്ള വേദി. കര്‍ട്ടനുയരുമ്പോള്‍ സ്റ്റേജില്‍ ഒന്നുരണ്ടു പൂ (നമ്മള്‍ ക്രിസ്തുമസ്സിനു കത്തിയ്ക്കുന്ന പൂവില്ലേ കമ്പിത്തിരിയ്ക്കും പടക്കത്തിനും ചക്രത്തിനുമൊപ്പം വാങ്ങുന്ന പൂ...അതുതന്നെ സാധനം)കത്തിയ്ക്കും. അലങ്കാരങ്ങള്‍ക്കും വര്‍ണ്ണവിസ്മയങ്ങള്‍ക്കും നടുവില്‍ തിരുക്കുടുംബം.

പ്ലാനിങ്ങൊക്കെ ഭംഗിയായി. സ്റ്റേജില്‍ ക്രമീകരണങ്ങളും. ഔസേപ്പുപിതാവും മാതാവും റെഡി. ഉണ്ണിയേശുവിന്റെ പ്രതിമയും. ഉണ്ണിയേശുവിനെ പുല്‍തൊട്ടിയില്‍ കിടത്തി, മാതാവും യൌസേപ്പുപിതാവും ഉണ്ണിയെത്തന്നെ നോക്കി നില്‍ക്കുന്നു. എല്ലാം ഓകെ. എക് സെപ്റ്റ് വണ്‍ തിങ്ങ്.
കത്തിയ്ക്കന്‍ പൂ കൊണ്ടു വച്ച വിവരദോഷി അതു ഔസേപ്പൂപിതാവിന്റെ തൊട്ടുടുത്താണ് കൊണ്ടു വച്ചത്. കര്‍ട്ടനുയരുമ്പോഴേയ്ക്കും പൂവിന്റെ തിരി കത്തിത്തുടങ്ങിയിരുന്നു. ശീ...ശീ‍...തിരികത്തുകയാണ്. അപ്പോഴാണ് ഔസേപ്പു പിതാവിനു കാര്യത്തിന്റെ ഗൌരവം മനസിലായത്.

ചെയ്യുന്നതെല്ലാം യാന്ത്രികമാകുവാന്‍ മനസില്‍ കുറ്റബോധം തോന്നിത്തുടങ്ങണമെന്നില്ല. ഇത്തരം ഒരു ഏടാകൂടത്തില്‍ ചെന്നുചാടിയാല്‍ മതി.

ശീ...ശീ‍...

സ്റ്റേജില്‍ ഔസേപ്പു പിതാവിനു ഭാവമാറ്റം. ഒന്നു രണ്ടൂ തവണ ഔസേപ്പു പിതാവു ഉണ്ണീയേശുവിനെയും പൂവിനെയും മാറിമാറി നോക്കി.

ശീ...ശീ‍...

ദയനീയമായി മറിയത്തിനെയും നോക്കി. മറിയത്തിനും ഭാവമാറ്റം.

ശീ...ശീ‍...ശീ....

ഊതിക്കെടുത്താനൊരു ശ്രമം നടത്തി.

ശീ...ശീ‍...ശീ....

പിന്നെ കയ്യിലിരുന്ന വടിയെടുത്ത് പൂ തല്ലിക്കെടുത്താനൊരു ശ്രമം.

ശീ...ശീ‍...ശീ....എവിടെ...ഒരു രക്ഷയുമില്ല.

കാണികളില്‍ ചിലര്‍ കൂവി, ചിലര്‍ക്കു സഹതാപം, സ്വന്തക്കാര്‍ക്ക് ആധി.

ഗത്യന്തരമില്ലാതെ മാതാവും യൌസേപ്പു പിതാവും ഉണ്ണിയേശുവിനെയും ഉപേക്ഷിച്ച് സ്റ്റേജില്‍ നിന്നു ഇറങ്ങിയോടി. ഒന്നും അറിയാതെ ഉണ്ണിയീശോ പുല്‍‌തോട്ടിലില്‍.

പൂ കത്തിയിറങ്ങി. മാതാവും യൌസേപ്പു പിതാവും ഇല്ലാത്ത ആദ്യത്തെ ക്രീസ്തുമസ്സ് അങ്ങിനെ പള്ളിയില്‍ അരങ്ങേറി. അനന്തരം വികാരിയച്ചന്‍ ഈവക പരിപാടികള്‍ അനിശ്ചിതകാലത്തേയ്ക്ക് നിരോധിച്ചു.

എല്ലാവര്‍ക്കും കൃസ്തുമസ്സിന്റെയു പുതുവത്സരത്തിന്റെയും നന്മകള്‍ നേരുന്നു.
“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം.”

free site statistics